കോഴിക്കോട്: കൂടരഞ്ഞി കക്കാടംപൊയിൽ താഴേ കക്കാട് ആദിവാസി കോളനിയിലെ യുവതിയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. കരിങ്ങാതൊടി പരേതനായ രാജന്റെ ഭാര്യ രാധിക (38)യെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.  കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് രാധികയെ കക്കാടംപൊയിൽ അകമ്പുഴയിലുള്ള കൃഷിസ്ഥലത്തെ ഷെഡ്ഡിനു മുന്നിൽ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. നാല്‍പ്പത്തിയെട്ടുകാരനായ പ്രതി കൂമ്പാറ ബസാർ സ്വദേശി ചക്കാലപ്പറമ്പിൽ ഷെരീഫിനെ തിരുവമ്പാടി പൊലിസ് അറസ്റ്റ് ചെയ്തു. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് പ്രതിയ്ക്കായി തെരച്ചില്‍ ആരംഭിച്ചത്. 

 ആദ്യം അസ്വാഭാവികത തോന്നിയില്ലെങ്കിലും പോസ്റ്റുമോർട്ടത്തിൽ മൃതശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെ പാടുകൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ എട്ടു വർഷത്തോളമായി രാധികയും പ്രതി ഷെരീഫും ഒരുമിച്ചാണ് അകമ്പുഴയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വാഴകൃഷി ചെയ്തുകൊണ്ടിരുന്നത്. ഇരുവരും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് രാധികയെ കൊലപ്പെടുത്താൻ കാരണമായതെന്ന് പൊലിസ് പറഞ്ഞു. പലപ്പോഴായി കടം വാങ്ങിയ ഒരുലക്ഷത്തോളം രൂപ ഷെരീഫ് രാധികയ്ക്ക് കൊടുക്കാനുണ്ട്. ഇത്തവണ കൃഷിയിറക്കുമ്പോൾ തനിക്ക് തരാനുള്ള തുക നിർബന്ധമായും തന്നു തീർക്കണമെന്ന് രാധിക ഷെരീഫിനോട് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തോട്ടത്തിൽ വാഴ നനക്കുന്നതിനിടയിൽ ഷോക്കേറ്റ് മരിച്ചെന്നായിരുന്നു പ്രതി ഷെരീഫ് എല്ലാവരെയും ധരിപ്പിച്ചിരുന്നത്. 

എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മൃതശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെയും കയ്യിൽ ഇലക്ട്രിക് വയർ ചുറ്റിയതിന്റെയും പാടുകൾ കണ്ടെത്തിയതോടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷെരീഫും രാധികയും സാമ്പത്തിക ഇടപാടിനെചൊല്ലി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കൊലപാതകം നടന്ന ദിവസം ഇരുവരും നന്നായി മദ്യപിച്ചിരുന്നു. തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മദ്യലഹരിയിൽ പരസ്പരം കയ്യേറ്റം ചെയ്യുകയും തുടർന്ന് ഷെരീഫിന്റെ കഴുത്തിൽ രാധിക പിടിമുറുക്കുകയും ഇതോടെ ഷെരീഫ് രാധികയെ മർദ്ദിക്കുകയും പുറത്തേക്ക് ഓടുകയും ചെയ്തു. 

കുറച്ചു സമയത്തിനുശേഷം ഷെഡ്ഡിൽ തിരിച്ചെത്തിയ ഷെരീഫ് മദ്യലഹരിയിൽ നിലത്തുകിടക്കുന്ന രാധികയെ എടുത്തുകൊണ്ടുപോയി ഷെഡ്ഡിനുള്ളിലെ മുറിയിൽ കിടത്തി വൈദ്യുത മീറ്ററിൽ നിന്ന് വരുന്ന കണക്ഷനിൽ വയർ ഘടിപ്പിച്ച് രാധികയുടെ കയ്യിൽ ഷോക്കേൽപ്പിക്കുകയായിരുന്നു. ഷോക്കേറ്റ രാധികയുടെ മരണവെപ്രാളം കണ്ട് ഷെഡിനു പുറത്തേക്കോടിയ ഷെരീഫ് പുറത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് എടുത്ത് ആരും കാണാതെ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാളുകളായി താൻ നടത്തിവന്നിരുന്ന വൈദ്യുതി മോഷണം നാട്ടുകാരും അധികൃതരും കാണാൻ ഇടയാകുമെന്ന് മനസിലാക്കിയ പ്രതി റോഡ് സൈഡിലുള്ള മറ്റൊരു പറമ്പിൽ ബൈക്ക് നിർത്തി ഷെഡ്ഡിനു പുറകിലൂടെ വന്ന് തെളിവ് നശിപ്പിക്കുന്നതിനായി ഷെഡ്ഡിനുള്ളിലുള്ള മുഴുവൻ ഇലക്ട്രിക് വയറുകളും കത്തി കൊണ്ട് മുറിക്കുകയും മീറ്റർ ബോർഡും മറ്റും അടിച്ചുതകർക്കുകയും ചെയ്തു. 

തുടർന്ന് രാധികയുടെ മൃതദേഹം സംഭവസ്ഥലത്തു നിന്നും പുറത്തേക്ക് വലിച്ചു ഷെഡ്ഡിനു മുൻവശം കൊണ്ടുപോയിവെക്കുകയും ശേഷം കരഞ്ഞു ബഹളം വച്ച് ആളുകളെ അറിയിക്കുകയുമായിരുന്നു. ഷെരീഫിന്റെ കരച്ചിൽ കേട്ട് ഓടിക്കൂടിയ അയൽവാസികളും തൊട്ടടുത്ത് ക്യാംപ് നടത്തുകയായിരുന്ന കർമ ഓമശ്ശേരിയുടെ പ്രവർത്തകരും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴും ആശുപത്രിയിലേക്ക് പോകാൻ തയ്യാറാകാതെ ഷെരീഫ് മാറി നില്‍ക്കുകയായിരുന്നു. നാട്ടുകാരുടെ നിർബന്ധം മൂലം വാഹനത്തിൽ കയറിയ ഷെരീഫ് ഭ്രാന്തമായ രീതിയിൽ അഭിനയിച്ചതും സമനില നഷ്ടപ്പെട്ട രീതിയിൽ സംസാരിച്ചതും പൊലിസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഹോസ്പിറ്റലിൽ നിന്ന് പുറത്തിറങ്ങിയത് മുതൽ ഷെരീഫ് പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു. 

ഇൻക്വസ്റ്റ് റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചതോടെ പൊലിസ് അന്വേഷണം ആരംഭിച്ചു. കണ്ണൂരിൽ നിന്ന് വന്ന  സയന്‍റിഫിക് ഓഫീസർ ശേഖരിച്ച തെളിവുകളും പൊലിസിന്റെ പഴുതടച്ച ചോദ്യം ചെയ്യലും പ്രതിയെ ഉടന്‍ പിടികൂടാന്‍ കാരണമായി. മൊഴികളിൽ ഉണ്ടായ വൈരുധ്യമാണ് പ്രതിയെ കുടുക്കിയത്. സംഭവ ദിവസം മദ്യം കഴിച്ചിരുന്നില്ലെന്നും മദ്യപാനം നിർത്തിയിട്ട് ഒന്നര വർഷത്തോളമായെന്നും പൊലിസിനോട് കളവു പറഞ്ഞതും പ്രതിയെ കുടുക്കി. 

 കോഴിക്കോട് റൂറൽ എസ്.പി ജി. ജയദേവിന്റെ നിർദേശ പ്രകാരം താമരശ്ശേരി ഡി.വൈ.എസ്.പി പി. ബിജുരാജിന്റെ നേതൃത്വത്തിൽ തിരുവമ്പാടി എസ് ഐ സനൽ രാജ്, ഡി വൈ എസ് പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ രാജീവ് ബാബു, സീനിയർ സി പി ഒ ഷിബിൽ ജോസഫ്,  സി പി ഒ ഷെഫീഖ് നീലിയാനിക്കൽ, തിരുവമ്പാടി പൊലിസ് സ്റ്റേഷനിലെ എസ് ഐ സദാനന്ദൻ, എ എസ് ഐ സൂരജ് മനോജ്, സി പി ഒമാരായ പ്രജീഷ്, രാംജിത്ത്, സപ്നേഷ്, ജിനേഷ് കുര്യൻ, ഷിജു, ബോബി, വനിതാ സി പി ഒ സ്വപ്ന എന്നിവർ ചേർന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.