റോഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കും ലംഘനങ്ങൾക്ക് കുട പിടിക്കുന്നവരും വെല്ലുവിളിക്കുന്നവരും തൂവെള്ള അംബാസിഡറിന്റെ മുൻ സീറ്റിൽ ചിരിച്ച മുഖവുമായിരിക്കുന്ന ഈ അറുപത്തിനാലുകാരനെ കണ്ട് പഠിക്കണം

അടൂര്‍: വാഹനങ്ങൾ മോഡിഫൈ ചെയ്ത് നിരത്തിലിറക്കുന്നത് വിവാദമാകുമ്പോൾ, വ്യത്യസ്തനാവുകയാണ് അടൂരിലെ ഒരു ടാക്സി ഡ്രൈവർ. നാല് പതിറ്റാണ്ടായി അംബാസിഡർ കാർ മാത്രമാണ് ഏഴംകുളം സ്വദേശി വിജയൻ നായർ ഓടിക്കുന്നത്. ഇക്കാലത്തിനിടയിൽ ഒരിക്കൽ പോലും അപകടങ്ങളും ഉണ്ടാക്കിയിട്ടില്ല വിജയന്‍ നായര്‍. ഏഴംകുളം പ്ലാന്റേഷൻ ജംഗ്ഷനിൽ കഴിഞ്ഞ 40 കൊല്ലമായി ടാക്സി ഡ്രൈവറുടെ വേഷത്തിൽ വിജയൻ നായരുണ്ട്.

1980 ൽ 23 ഐം വയസിൽ വളയം പിടിച്ചു തുടങ്ങിയതാണ്. ഇതിനിടയിൽ 10 തവണ കാർ മാറ്റി വാങ്ങി. ഒരോ തവണ പുതിയത് വാങ്ങുമ്പോഴും അതെല്ലാം അംബാസിഡർ തന്നെയായിരുന്നു. തന്നെയും കുടുംബത്തേയും വളര്‍ത്തിയതാണ് അംബാസിഡര്‍ കാര്‍ അതുകൊണ്ടുതന്നെ ആ കാറിനോട് പ്രത്യേക അടുപ്പമാണ് വിജയന്‍ നായര്‍ക്കുള്ളത്. കൃത്യനിഷ്ടയാണ് വിജയൻ നായരെ ആളുകളിലേക്ക് അടുപ്പിക്കുന്നത്, പറഞ്ഞാൽ പറഞ്ഞ സമയത്ത് എത്തും.

ജീവിതത്തിൽ ഇന്ന് വരെ ചെരുപ്പ് ഉപയോഗിച്ചിട്ടില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ക്ലച്ചും ആക്സിലേറ്ററും ചവിട്ടുമ്പോള്‍ ചെരുപ്പ് തടസമാണെന്ന നിലപാടാണ് ഇതിന് കാരണം . മദ്യപാനമില്ല, പുകവലിയില്ല, വാഹനം ഓടിച്ചതിന്റെ പേരിൽ ഒരു പെറ്റി കേസ് പോലുമില്ല. മോട്ടോർ വാഹന വകുപ്പിന്റെ ആദരവ് പല തവണ ലഭിച്ചിട്ടുമുണ്ട്.

YouTube video player

അംബാസിഡർ നിർമ്മാണം നിർത്തിയതാണ് ആകെയുള്ള വിഷമം. റോഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കും ലംഘനങ്ങൾക്ക് കുട പിടിക്കുന്നവരും വെല്ലുവിളിക്കുന്നവരും തൂവെള്ള അംബാസിഡറിന്റെ മുൻ സീറ്റിൽ ചിരിച്ച മുഖവുമായിരിക്കുന്ന ഈ അറുപത്തിനാലുകാരനെ കണ്ട് പഠിക്കണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona