പേരിന് പോലും ഒരു പ്രതിപക്ഷ അംഗം ഇല്ലാത്ത പഞ്ചായത്തായിരുന്നു കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് തിരുനെല്ലി. രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ ഇരിക്കവെ നടന്ന തദ്ദേശ സ്ഥാനപ തെരഞ്ഞെടുപ്പില്‍ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും തിരുനെല്ലി പഞ്ചായത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ബി ജെപി അംഗവും വിജയിച്ച് കയറി.

മാനന്തവാടി: ''ഏങ്കക്ക് ഏങ്കളെ അരിവാള് മതിയെ...!.'' സംസ്ഥാനത്താകെ വൈറലായ ഈ പാട്ടുംപാടി തുടര്‍ച്ചയായി രണ്ട് ടേമുകളില്‍ ഒആര്‍ കേളുവിനെ ചേര്‍ത്തുപിടിച്ച മോസ്‌കോ എന്നറിയപ്പെടുന്ന തിരുനെല്ലി പഞ്ചായത്ത് എന്ന ചെങ്കോട്ടയില്‍ നിന്ന് ഇത്തവണ കാര്യമായി തന്നെ വോട്ട് ചോര്‍ച്ചയുണ്ടായി. കേവലം 3,248 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് തിരുനെല്ലി ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് നല്‍കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടു പ്പില്‍ 5,199 വോട്ടുകളുടെ വലിയ ഭൂരിപക്ഷം നല്‍കിയ സ്ഥാനത്താണ് മന്ത്രി കൂടിയായിരുന്ന ഒ.ആര്‍. കേളുവിന്റെ സ്വന്തം പഞ്ചായത്ത് അദ്ദേഹത്തെ കൈവിട്ടത്.

മാനന്തവാടി നഗരസഭയിലും ഇടതുപക്ഷം ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ തിരുനെല്ലിയില്‍ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫില്‍, പ്രത്യേകിച്ച് സിപിഎമ്മില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കും. പേരിന് പോലും ഒരു പ്രതിപക്ഷ അംഗം ഇല്ലാത്ത പഞ്ചായത്തായിരുന്നു കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് തിരുനെല്ലി. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ ഇരിക്കവെ നടന്ന തദ്ദേശ സ്ഥാനപ തെരഞ്ഞെടുപ്പില്‍ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും തിരുനെല്ലി പഞ്ചായത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ബി ജെപി അംഗവും വിജയിച്ച് കയറി. പക്ഷേ പഞ്ചായത്ത് തെരഞ്ഞെ ടുപ്പില്‍ വോട്ട് കണക്കിലും ആധിപത്യം സിപിഎമ്മിനായിരുന്നു.

തിരുനെല്ലി പഞ്ചായത്ത് അംഗമായും പഞ്ചായത്ത് പ്രസിഡന്റായും തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ഡിവിഷനില്‍ നിന്ന് വിജയിച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ച ഒ.ആര്‍. കേളുവിന് രണ്ട് നിയമസഭാ പോരാട്ടത്തിലും വലിയ പിന്തുണയാണ് സ്വന്തം പഞ്ചായത്ത് നല്‍കിയത്. ഇതൊക്കെയാണെങ്കിലും മുന്നണിയിലെ അസ്വരാസ്യങ്ങളും മറനീക്കി പുറത്തു വന്നിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുനെല്ലി പഞ്ചായത്തിലെ ചേലൂര്‍ വാര്‍ഡില്‍ സിപിഎമ്മും സിപിഐയും നേര്‍ക്കുനേര്‍ മത്സരിക്കുകയും ചെയ്തു. ഈ പാളയത്തിലെ പടയില്‍ മുന്നണി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി സിപിഎം പിന്തണച്ച സ്ഥാനാര്‍ഥിക്കായിരുന്നു വിജയം.