മഞ്ചേരി: നിലമ്പൂരിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ തമിഴ് യുവാവ് കുറ്റക്കാരനെന്ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ജഡ്ജി എ വി നാരായണൻ വെള്ളിയാഴ്ച പ്രസ്താവിക്കും.  തമിഴ്നാട് ഡിണ്ടിഗൽ ഐലൂർ പെരുമാൾ കോവിൽപ്പെട്ടി സുബ്ബയ്യയുടെ മകൻ ബാൽദാസ് (38) ആണ് പ്രതി.

2013 ഓഗസ്റ്റ് 31ന് പകൽ പതിനൊന്നര മണിക്കാണ് കേസിനാസ്പദമായ സംഭവം. ഭാര്യ ലക്ഷ്മിയോടൊത്ത് നിലമ്പൂരിൽ താമസിച്ചു വരികയായിരുന്നു പ്രതി. സംഭവ ദിവസം ഇരുവരും കുളിക്കാനായി വടപുറം കുതിര പുഴയിലേക്ക് പോകുകയായിരുന്നു. നിലമ്പൂർ അരുവാക്കോട് വുഡ് കോംപ്ലക്സിന് സമീപമുള്ള തേക്കിൻതോട്ടത്തിൽ എത്തിയപ്പോൾ ഇരുവരും വഴക്കിലേർപ്പെട്ടു. ലക്ഷ്മിയുടെ ആഭരണങ്ങൾ ബാൽദാസ് ആവശ്യപ്പെട്ടതാണ് വഴക്കിന് കാരണം. ഇതിനെ തുടർന്ന് ലക്ഷ്മി ചെരിപ്പ് ഊരി ഭർത്താവിനെ അടിച്ചു.  

ഇതിൽ പ്രകോപിതനായ ബാൽദാസ് ചെരിപ്പ് പിടിച്ചു വാങ്ങി ലക്ഷ്മിയുടെ കഴുത്തിൽ കൈ മുറുക്കി കൊലപ്പെടുത്തുകയും ആഭരണങ്ങൾ കവരുകയുമായിരുന്നു. നിലമ്പൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും. അന്വേഷണത്തിൽ പ്രതി കവർന്ന സ്വർണ്ണ കമ്മൽ തമിഴ്നാട് ഡിണ്ടിഗലിലെ ഐലൂരിലെയും മാല ഏറിയോടിലെ ജ്വല്ലറികളിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.