ഉറങ്ങിക്കിടന്ന ഹിൽഡ ഡിസൂസയെ മകൻ മെൽവിൽ മൊണ്ടേര തലക്കടിച്ച് കൊന്ന ശേഷം വീടിനു സമീപത്തെ വിറകുപുരയ്ക്ക് പുറകിൽ കൊണ്ടിട്ട് തീ കൊളുത്തുകയായിരുന്നു.
മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരം വോർക്കാടിയിൽ മകൻ അമ്മയെ കൊന്ന് ചുട്ടുകരിച്ച സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 60 വയസുകാരിയായ ഹിൽഡ ഡിസൂസയാണ് മരിച്ചത്. കൃത്യത്തിന് ശേഷം മുങ്ങിയ പ്രതി മെൽവിൻ മൊണ്ടേരയെ മണിക്കൂറുകൾക്കുള്ളിൽ കർണാടകത്തിലെ കുന്ദാപുരത്ത് നിന്ന് പൊലീസ് പിടികൂടിയിരുന്നു.
ഉറങ്ങിക്കിടന്ന ഹിൽഡ ഡിസൂസയെ മകൻ മെൽവിൽ മൊണ്ടേര തലക്കടിച്ച് കൊന്ന ശേഷം വീടിനു സമീപത്തെ വിറകുപുരയ്ക്ക് പുറകിൽ കൊണ്ടിട്ട് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് അയൽവാസിയും ബന്ധുവുമായ ലോലിതയെ വിളിച്ച് വരുത്തി. യുവതിയുടെ കഴുത്ത് ഞെരിക്കുകയും തീ കൊളുത്തുകയും ചെയ്തു. പൊള്ളലേറ്റ മുപ്പത് വയസുകാരി ചികിത്സയിലാണ്.
അമ്മയും മെൽവിനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. മറ്റൊരു മകൻ ആഴ്ചകൾക്ക് മുമ്പാണ് ജോലി ആവശ്യാർത്ഥം കുവൈറ്റിലേക്ക് പോയിരുന്നു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയെന്നും കൊലപാതക കാരണം കണ്ടെത്താൻ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ജില്ലാ പൊലീസ് മേധാവി വിജയ ഭരത് റെഡി പറഞ്ഞു. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് മജ്രപള്ളയിലെ ഓട്ടോ ഡ്രൈവറായ അബ്ദുൾ ലത്തീഫ്, പ്രതിയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ടതായി പൊലീസിനെ അറിയിച്ചത്.
ഇതോടെ മഞ്ചേശ്വരം പൊലീസ് അന്വേഷണം കർണാടകത്തിലേക്കും വ്യാപിപ്പിച്ചു. മൂന്നായി തിരിഞ്ഞ പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ 200 കിലോമീറ്ററോളം പിന്തുടർന്നു. ഒടുവിൽ കുന്ദാപുരയിലെ ഒരു ചെങ്കൽ ക്വാറിയിൽ ഒളിച്ചിരിക്കുകയായിരുന്ന മെൽവിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. മെൽവിൻ സ്ഥിരം മദ്യപാനിയാണ്. സ്വത്ത് ആവശ്യപ്പെട്ട് ഇയാൾ അമ്മയെ ഉപദ്രവിക്കാറുണ്ടെന്നാണ് വിവരം. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ യഥാർത്ഥ കാരണം വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.


