കൊച്ചി: മണവാട്ടിക്ക് ചുറ്റും ഒപ്പന മുറുകുന്നു. വധു വീഡിയോ മൊബൈലില്‍ പകര്‍ത്തുന്നു. പക്ഷെ ഇത് കല്യാണ വീടല്ലെന്ന് മാത്രം. സ്ഥലം മട്ടാഞ്ചേരി ടൗണ്‍ഹാളിലെ കൊവിഡ് ചികില്‍സാ കേന്ദ്രമാണ്. മട്ടാഞ്ചേരി സ്വദേശി നിയാസും ഫോര്‍ട്ട് കൊച്ചി സ്വദേശി  മകള്‍ ഫായിസയും തമ്മിലായിരുന്നു വിവാഹം.

കല്യാണത്തലേന്ന് കൊവിഡ് ബാധിച്ച ഫായിസയാണ് നിശ്ചയിച്ച ദിവസം തന്നെ കല്യാണം കഴിച്ച്  മട്ടാഞ്ചേരിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തെ ആഘോഷ വേദിയാക്കിയത്. വിവാഹത്തലേന്ന് ഫായിസക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടൗണ്‍ ഹാളിലെ കൊവിഡ് പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

എന്നാല്‍ കല്യാണം മാറ്റിവെക്കേണ്ടെന്നായിരുന്നു വീട്ടുകാരുടെ തീരുമാനം. ഇതോടെ കൊവിഡ് ആഘോഷ വേദിയായി മാറി. വിവാഹ വസ്ത്രങ്ങളെല്ലാം ടൗണ്‍ഹാളിലെത്തിച്ചു. ടൗണ്‍ഹാളില്‍ ഒപ്പന മുറുകുമ്പോള്‍ മട്ടാഞ്ചേരി പടിഞ്ഞാറേക്കോട് മുഹിയദ്ധീന്‍ പള്ളിയില്‍ നിക്കാഹും നടക്കുകയായിരുന്നു. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ് ഈ ദൃശ്യങ്ങള്‍.