Asianet News MalayalamAsianet News Malayalam

'മുതിര്‍ന്നവര്‍ പോലും കാണിക്കാത്ത ജാഗ്രത'; ഓഡിയോ സന്ദേശത്തിലെ അജ്ഞാതരായ ആ കുട്ടികളെ കണ്ടെത്തി മന്ത്രി

'ഇങ്ങനെ നടക്കുമ്പോള്‍ പുറകില്‍ നിന്ന് സൈക്കിളില്‍ ബെല്ലടിച്ച് രണ്ട് കുട്ടികള്‍ അടുത്തെത്തി. 'ആവുന്നില്ല അല്ലേ ഏച്ചീ, ആട നില്‍ക്ക്' എന്ന് പറഞ്ഞ് കൊണ്ട് അവര്‍ തന്നെ അതിലെ വലിയൊരു ചാക്ക് എടുത്ത് സൈക്കിളിന്റെ പുറകില്‍ വെച്ചു.'

mb rajesh says about school students who help haritha karma sena workers joy
Author
First Published Sep 17, 2023, 6:52 PM IST

തിരുവനന്തപുരം: കണ്ണൂരിലെ ഹരിത കര്‍മ്മ സേനാംഗങ്ങളായ സ്ത്രീകളെ സഹായിച്ച വിദ്യാര്‍ഥികളെ പരിചയപ്പെടുത്തി മന്ത്രി എംബി രാജേഷ്. അഞ്ചാം ക്ലാസുകാരനായ മുഹമ്മദ് ഷിഫാസും മൂന്നാം ക്ലാസുകാരനായ മുഹമ്മദ് ആദിയുമാണ് ചാക്കുകളുമായി നടന്ന് പോവുകയായിരുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളെ സഹായിച്ചതെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളായ രണ്ടുപേര്‍ തങ്ങളെ സഹായിച്ചെന്ന് പറഞ്ഞ് ഹരിത കര്‍മ്മ സേനാംഗങ്ങളായ ബിന്ദുവും രാജലക്ഷ്മിയും പഞ്ചായത്ത് തല വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ട ഓഡിയോ സന്ദേശം ലഭിച്ച ശേഷമാണ് വിദ്യാര്‍ഥികളെ അന്വേഷിച്ചിറങ്ങിയത്. വലിയ അന്വേഷണത്തിനൊടുവിലാണ് വിദ്യാര്‍ഥികളെ ഇന്ന് രാവിലെ കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. 

വിദ്യാര്‍ഥികളെ മന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്തു. മുഹമ്മദ് ഷിഫാസിനെയും ആദിയെയും സംസ്ഥാനത്തെ എല്ലാ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് വേണ്ടിയും തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടിയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. ഹരിത കര്‍മ്മ സേന നാടിന്റെ രക്ഷകരാണെന്നും അവരെ ചേര്‍ത്തുപിടിക്കണമെന്നും ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുകയാണ് ഇരുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

എംബി രാജേഷിന്റെ കുറിപ്പ്: മാലിന്യമുക്ത നവകേരളത്തിന്റെ അംബാസിഡര്‍മാരായ രണ്ട് കൊച്ചുമിടുക്കരെ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ്. കണ്ണൂര്‍ കുറുമാത്തൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ഹരിത കര്‍മ്മ സേനാംഗങ്ങളായ ബിന്ദുവും രാജലക്ഷ്മിയുമാണ് ഇവരെ പരിചയപ്പെടുത്തിയത്. ഓഡിയോ സന്ദേശത്തില്‍ പറഞ്ഞ അജ്ഞാതരായ ആ കുട്ടികളെ വലിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ബിന്ദുവിന്റെയും രാജേശ്വരിയുടെയും അനുഭവം ഇങ്ങനെ.

ഇന്നലെ ശനിയാഴ്ച പതിവുപോലെ വീടുകളില്‍ നിന്ന് മാലിന്യം ശേഖരിച്ച് വൈകിട്ട് തരംതിരിച്ച് മാലിന്യം താല്‍ക്കാലികമായി സൂക്ഷിക്കുന്ന സ്ഥലത്ത് എത്തിക്കുകയായിരുന്നു ബിന്ദുവും രാജലക്ഷ്മിയും. ഒന്നര കിലോമീറ്റര്‍ അകലെയുള്ള ഈ കേന്ദ്രത്തിലേക്ക് കയ്യിലും തലയിലുമായി ഏഴ് ചാക്കുകളുമായി ഇരുവരും നടക്കുകയായിരുന്നു. ഇങ്ങനെ നടക്കുമ്പോള്‍ പുറകില്‍ നിന്ന് സൈക്കിളില്‍ ബെല്ലടിച്ച് രണ്ട് കുട്ടികള്‍ അടുത്തെത്തി. 'ആവുന്നില്ല അല്ലേ ഏച്ചീ, ആട നില്‍ക്ക്' എന്ന് പറഞ്ഞ് കൊണ്ട് അവര്‍ തന്നെ അതിലെ വലിയൊരു ചാക്ക് എടുത്ത് സൈക്കിളിന്റെ പുറകില്‍ വെച്ചു. അടുത്തയാളിന്റേത് ഒരു ചെറിയ സൈക്കിളാണ്. ഒരെണ്ണം അതിലും എടുത്ത് വെച്ചു. അവരത് സൂക്ഷിപ്പ് കേന്ദ്രത്തിലെത്തിച്ച് കൊടുത്തു. സന്തോഷം പങ്ക് വെക്കാന്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മിഠായി വാങ്ങി കൊടുത്തപ്പോള്‍, മിഠായി കവര്‍ വലിച്ചെറിയാതെ ചാക്കിലിടാനും അവര്‍ മറന്നില്ല. മുതിര്‍ന്നവര്‍ പോലും കാണിക്കാത്ത ജാഗ്രത.

ഈ അനുഭവവും അവരുടെ ചിത്രവും രാജലക്ഷ്മി ഹരിത കര്‍മ്മസേനയുടെ പഞ്ചായത്ത് തല ഗ്രൂപ്പില്‍ ഇട്ടു. കൈമാറി കൈമാറി ഈ വിവരം എന്റെ വാട്ട്‌സാപ്പിലുമെത്തി. ഈ മിടുക്കന്‍മാര്‍ ആരെന്ന് അന്വേഷിച്ചപ്പോള്‍ ആര്‍ക്കും അറിയുകയുമില്ല. ഇന്ന് രാവിലെയോടെയാണ് മുഹമ്മദ് ഷിഫാസ് എന്ന അഞ്ചാം ക്ലാസുകാരനെയും മുഹമ്മദ് ആദി എന്ന മൂന്നാം ക്ലാസുകാരനെയും തിരിച്ചറിയുന്നത്. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മാലിന്യം ശേഖരിക്കാനും കൊണ്ടുപോകാനും ശാസ്ത്രീയവും ആധുനികവുമായ സംവിധാനങ്ങള്‍ ഒരുക്കാനുള്ള നടപടികള്‍ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇലക്ട്രിക് ഓട്ടോ വിതരണം ഉള്‍പ്പെടെ പുരോഗമിക്കുകയാണ്. മുഹമ്മദ് ഷിഫാസിനെയും ആദിയെയും സംസ്ഥാനത്തെ എല്ലാ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് വേണ്ടിയും തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടിയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. ഹരിത കര്‍മ്മ സേന നാടിന്റെ രക്ഷകരാണെന്നും അവരെ ചേര്‍ത്തുപിടിക്കണമെന്നും നാടിനെ  ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുകയാണ് ഇവരിരുവരും. കുട്ടികളാണ് മാലിന്യമുക്ത നവകേരളത്തിന്റെ സന്ദേശവാഹകരെന്ന് ഇവര്‍ വീണ്ടും തെളിയിക്കുന്നു.
 

  പക വീട്ടാനുള്ളതാണ്! അന്ന് ലങ്ക ഇന്ത്യയെ 54ന് പുറത്താക്കി; ഇന്ന് ആ മോശം റെക്കോര്‍ഡ് അവര്‍ക്ക് തിരിച്ചുകൊടുത്തു 
 

Follow Us:
Download App:
  • android
  • ios