Asianet News MalayalamAsianet News Malayalam

സാമൂഹികഅകലത്തിന് പുല്ലുവില; ബത്തേരിയിലെ മാംസ വില്‍പ്പന കേന്ദ്രങ്ങള്‍ അടപ്പിച്ചു

നഗരസഭാ പരിധിയിലുള്ള മാംസ വില്‍പ്പന കേന്ദ്രങ്ങളില്‍ ആളുകള്‍ സാമൂഹിക അകലം പാലിക്കാതെ കൂടിനില്‍ക്കുന്നത് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുമെന്ന് താലൂക്ക് തല പരിശോധനാസംഘം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി

meat stalls in bathery closed after not obey covid protocol
Author
Wayanad, First Published May 20, 2020, 11:22 AM IST

കല്‍പ്പറ്റ: ഉപഭോക്താക്കള്‍ സാമൂഹികഅകലം പാലിക്കാത്തതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി നഗരത്തിലെ മാംസ വില്‍പ്പന കേന്ദ്രങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്‍ദുള്ള അടപ്പിച്ചു. എന്നാല്‍, ഹോം ഡെലിവറി സംവിധാനത്തില്‍ കച്ചവടം നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ട്. നഗരസഭാ പരിധിയിലുള്ള മാംസ വില്‍പ്പന കേന്ദ്രങ്ങളില്‍ ആളുകള്‍ സാമൂഹിക അകലം പാലിക്കാതെ കൂടിനില്‍ക്കുന്നത് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുമെന്ന് താലൂക്ക് തല പരിശോധനാസംഘം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി.

നഗരസഭയോട് ചേര്‍ന്നുകിടക്കുന്ന നെന്മേനി പഞ്ചായത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ദുരന്ത നിവാരണ നിയമത്തിലെ 34 (എം) പ്രകാരം മാംസ വില്‍പ്പന കേന്ദ്രങ്ങള്‍ അടപ്പിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും ബത്തേരിയിലെ മാംസ വില്‍പ്പന കേന്ദ്രങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.

കളക്ടറുടെ നിര്‍ദേശ പ്രകാരം നഗരസഭാ അധികൃതര്‍ പലപ്രാവശ്യം മാര്‍ക്കറ്റിലെത്തി തിരക്ക് കുറക്കാന്‍ വ്യാപാരികളോട് ആവശ്യപ്പെട്ടതാണെന്നും ഇത് പാലിക്കാത്തതിനാലാണ് ഇപ്പോള്‍ കടകള്‍ അടച്ചിടേണ്ട സാഹചര്യമുണ്ടായതെന്നും നഗരസഭാ ചെയര്‍മാന്‍ ടി എല്‍ സാബു പറഞ്ഞു. എല്ലാ ദിവസവും മാര്‍ക്കറ്റും പരിസരവും വൃത്തിയാക്കി, അണുനാശിനി തളിക്കുന്നുണ്ട്. പൊലീസിന്‍റെയും നഗരസഭാ ജീവനക്കാരുടെയും സഹകരണത്തോടെ, സാമൂഹിക അകലം പാലിച്ച് മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കും.

ഇതിന് ശേഷം മാംസ വില്‍പ്പന കേന്ദ്രങ്ങള്‍ അടച്ചിടാനുള്ള ഉത്തരവ് പുനഃപരിശോധിക്കാന്‍ കളക്ടറോട് ആവശ്യപ്പെടുമെന്നും ചെയര്‍മാന്‍ പറഞ്ഞു. പഴയ മാര്‍ക്കറ്റില്‍ സ്ഥല സൗകര്യങ്ങളുടെ പരിമിതിയുണ്ട്. ജൂണ്‍ ആദ്യവാരം ചുങ്കത്തെ പുതിയ മാര്‍ക്കറ്റിലെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ ശേഷം തുറന്നുകൊടുക്കുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios