കൊച്ചി: സ്ഥല പരിമിതി മൂലം അലക്ക് കല്ല് സ്ഥാപിക്കാന്‍ കഴിയുന്നില്ലെന്ന് പരാതിപ്പെടുന്നവര്‍ക്ക് പരിഹാരവുമായി പോര്‍ട്ടബിള്‍ അലക്കുകല്ല്. ഏതാനും ദിവസങ്ങളായി കൊച്ചിയിലെ തെരുവുകളില്‍ ഇവനാണ് താരം. കുറഞ്ഞ വിലയില്‍ ലഭിക്കുന്ന പോര്‍ട്ടബിള്‍ അലക്കുകല്ലിന് ഇതിനോടകം വലിയ പ്രചാരമാണ് ലഭിക്കുന്നത്.

അലക്കുകല്ലുകള്‍ സ്ഥാപിക്കാൻ സ്ഥലമില്ലാത്തതാണ് നഗരത്തിൽ വീടുവെക്കുന്നവര്‍ നേരിടുന്ന വെല്ലുവിളികളിലൊന്ന്. ഇതിന് ഒരു പരിഹാരമായിരിക്കുകയാണ് ഇപ്പോൾ. എടുത്ത് മാറ്റാൻ കഴിയുന്ന അലക്കുകല്ലുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. കുളിമുറിയിലോ, ടെറസിലോ എവിടെ വേണമെങ്കിലും സ്ഥാപിക്കാം എന്നതാണ് ഏറ്റവും വലിയ ഗുണം.

2500 മുതൽ മൂവായിരം രൂപ വരെയാണ് ഒരു കല്ലിന് വില. വാഷീങ് മെഷീൻ ഉണ്ടെങ്കിലും വീട്ടിൽ ഒരു അലക്കുകല്ല് വേണമെന്ന മലയാളികള്‍ക്കുള്ള നിര്‍ബന്ധം കച്ചവടത്തിൽ നേട്ടമാകുന്നുണ്ടെന്നും വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചിയുടെ തെരുവുകളിലാണ് അലക്കുകല്ലുകൾ എത്തിയതെങ്കിലും വിവിധ ഇടങ്ങളില്‍ നിന്നായി നിരവധി ഓര്‍ഡറുകൾ ഇതിനോടകം തന്നെ ലഭിച്ചെന്നാണ് കച്ചവടക്കാർ പറയുന്നത്.