രാത്രി ഏഴരയോടെയാണ് 20 ലിറ്റർ സംഭരണ ശേഷിയുള്ള രാസവസ്തു അടങ്ങിയ ടിന്ന് കരയ്ക്കടിഞ്ഞ നിലയിൽ മത്സ്യത്തൊഴിലാളികൾ കണ്ടത്
പെരിഞ്ഞനം:പെരിഞ്ഞനം ആറാട്ടുകടവിൽ രാസവസ്തു അടങ്ങിയ വലിയ ടിൻ കരയ്ക്കടിഞ്ഞു.രണ്ടാഴ്ച മുമ്പ് കോഴിക്കോട് അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിൽ നിന്നുള്ളതാകാം ഇതെന്നാണ് സംശയിക്കുന്നത്. ഇന്ന് രാത്രി ഏഴരയോടെയാണ് 20 ലിറ്റർ സംഭരണ ശേഷിയുള്ള രാസവസ്തു അടങ്ങിയ ടിന്ന് കരയ്ക്കടിഞ്ഞ നിലയിൽ മത്സ്യത്തൊഴിലാളികൾ കണ്ടത്.കപ്പലിലെയും മറ്റും എണ്ണ ചോർച്ചയുണ്ടായാൽ നിർവീര്യമാക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ആണിതെന്നാണ് പ്രാഥമിക നിഗമനം.വാർഡ് മെമ്പർ സ്നേഹ ദത്ത് അറിയിച്ചതിനെ തുടർന്ന് കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി രാസവസ്തു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
അതേസമയം കൊച്ചിയുടെ പുറം കടലില്‍ മുങ്ങിയ എം എസ് സി എല്‍സാ ത്രീ കപ്പലിലെ എണ്ണ നീക്കം ചെയ്യല്‍ അനിശ്ചിതത്വത്തിലായതോടെ കമ്പനിക്ക് ഷിപ്പിംഗ് മന്ത്രാലയം അന്ത്യശാസനം നൽകിയിരിക്കുകയാണ്.ഉടന്‍ ജോലികള്‍ തുടങ്ങിയില്ലെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്‍റെ മുന്നറിയിപ്പ്.കടലിനടിയുള്ള കപ്പല്‍ ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് ബോധ്യമായിട്ടും കപ്പല്‍ കമ്പനിയായ എം എസ് സി അടിയന്തര പ്രാധാന്യത്തോടെ ഒന്നും ചെയ്യുന്നില്ല. കപ്പലിലെ ഇന്ധന ടാങ്കുകളില്‍ 450 ടണ്ണോളം എണ്ണയുണ്ട്. മുങ്ങിയ 12 കണ്ടെയനറുകളില്‍ കാത്സ്യം കാര്‍ബൈഡ് ഉള്‍പ്പെടെ അപകടകരമായ രാസവസ്തുക്കളുമുണ്ട്.ഇതെല്ലാം പുറത്തെടുക്കുന്ന ജോലികള്‍ ഏറെക്കുറെ നിലച്ച അവസ്ഥയിലാണ്.
എണ്ണ നീക്കം ചെയ്യാന്‍ കരാറെടുത്ത ടി.ആന്‍ഡ് ടി സാല്‍വേജ് എന്ന കമ്പനി സാങ്കേതിക പരിജ്ഞാനമില്ലെന്ന കാരണത്താല്‍ പാതിവഴിയില്‍ ദൗത്യം ഉപേക്ഷിച്ച് മടങ്ങി. കമ്പനിയുടെ സീമാക് 3 ഡൈവിംഗ് സഹായ വെസലും തിരിച്ചുപോയി.മറ്റൊരു സിംഗപ്പൂർ കമ്പനിയായ ബ്രാൻഡ് മറൈൻ കൺസൾട്ടന്‍റിനും ഡച്ച് കമ്പനിയായ എസ്എംഐടിക്കും എണ്ണ നീക്കാന്‍ കരാര്‍ നല്‍കിയെന്ന് എംഎസ്സി അറിയിച്ചെങ്കിലും ഇതുവരെ കരാറുകാര്‍ അപകടം നടന്ന ഭാഗത്ത് എത്തിയിട്ടില്ല. പുതിയ ഡൈവിംഗ് സഹായ വെസല്‍ ശനിയാഴ്ചക്കകം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജുലൈ മൂന്നിനുള്ളില്‍ ഒന്നും നടക്കില്ലെന്ന് ഉറപ്പായതോടെയാണ് എം എസ് സിക്ക് ഡയറ്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്‍റെ അന്ത്യശാസനം നൽകിയത്.
കാര്യങ്ങള്‍ ഇനുയും വൈകിയാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി. കടലില്‍ ഒരു കിലോമീറ്ററോളം ചുറ്റളവില്‍ നേരിയ തോതില്‍ എണ്ണ മയം കണ്ടതും ആശങ്കയായിട്ടുണ്ട്. ഇത് കപ്പലിലെ ഗ്രീസും മറ്റുമാണെന്നും എണ്ണ ടാങ്കുകള്‍ സുരക്ഷിതമായി സീല്‍ ചെയ്തിട്ടുണ്ടെന്നൂമാണ് എം എസ് സി അറിയിക്കുന്നത്. കമ്പനിക്കെതിരെ കോസ്റ്റല്‍ പൊലീസെടുത്ത കേസില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുതല്ലാതെ തുടര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കമ്പനിയുമായി സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന ചര്‍ച്ചകള്‍ കോടതി സാനിധ്യത്തില്‍ മതിയെന്ന് ഹൈക്കോടതി അറിയിച്ചിട്ടുമുണ്ട്


