പാല: ഫോണില്‍ നിരന്തരം വിളിച്ച് ശല്യംചെയ്തയാളെ വലവിരിച്ച് വിളിച്ചുവരുത്തി കയ്യോടെ പിടികൂടി യുവതിയും പൊലീസും. കോട്ടയം പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. പുന്നന്താനം കോളനി പുത്തന്‍കണ്ടം മധുസൂദനനെയാണ് (50) പൊലീസ് അറസ്റ്റ് ചെയ്തത്. ഫോണ്‍വിളിച്ചുള്ള ശല്യം അസഹനീയമായതോടെയാണ് യുവതിയും ഭര്‍ത്താവും പൊലീസിനെ വിവരം അറിയിച്ചത്. 

ഫോണിലൂടെ നിരന്തരം ശല്യംചെയ്തയാളെ പൊലീസ് നിര്‍ദേശിച്ച പ്രകാരം യുവതി വിളിച്ചുവരുത്തുകയായിരുന്നു. യുവതി പറഞ്ഞതനുസരിച്ച് മധുസൂദനന്‍ പാലാ ബസ്സ്റ്റാന്‍റില്‍ എത്തി. ശല്യക്കാരന്‍ എത്തുന്നതുകാത്ത് പൊലീസും സ്റ്റാന്‍ഡില്‍ കാത്തിരുന്നു.. ഇയാള്‍ എത്തിയപ്പോള്‍  സി.ഐ. വി.എ.സുരേഷ്‌കുമാര്‍, എസ്.ഐ. തോമസ് സേവ്യര്‍, സി.പി.ഒ. സി.മനോജ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.