വീട്ടിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു
ആലപ്പുഴ: വീട്ടിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കുതിരപ്പന്തി വാർഡിൽ തൈപ്പറമ്പിൽ ടി എസ് സജുവാണ് (52) മരിച്ചത്. സജുവിന്‍റെ മാതാവ് രാത്രിയിൽ ബന്ധു വീട്ടിലാണ് കിടക്കുന്നത്. ഇവർ ശനിയാഴ്ച രാവിലെയെത്തി കതക് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് സൗത്ത് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
മുറിയിലെ ഡൈനിങ് ടേബിളിൽ മദ്യകുപ്പിയും അഞ്ച് ഗ്ലാസുകളുമുണ്ടായിരുന്നു. ടേബിളിന് സമീപം നാലഞ്ച് കസേരകളും നിരത്തിയിട്ടിരുന്നു. സ്ഥിരംമദ്യപിക്കുന്ന സ്വഭാവക്കാരനായ സജുവിനൊപ്പം മറ്റാരെങ്കിലും മദ്യപിക്കാനെത്തിയെന്ന സംശയമുണ്ട്. വിരലടയാള വിദഗ്ധരെത്തി മേശപ്പുറത്തിരുന്ന ഗ്ലാസുകൾ പരിശോധിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അവിവാഹിതനാണ്. പിതാവ്: പരേതനായ സുദർശനൻ. മാതാവ്: രാജമ്മ. സഹോദരങ്ങൾ: ബിജു, മഞ്ജു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം