തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വിതരണത്തിന് എടിഎം മാതൃകയിൽ മെഷീനുകൾ സ്ഥാപിക്കാനൊരുങ്ങി മിൽമ. ക്ഷീര വിതരണ മേഖലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരം മേഖലയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പാൽ വിതരണ യന്ത്രങ്ങൾ സ്ഥാപിക്കുന്നത്.

ഒരു മാസത്തിനകം 5 കേന്ദ്രങ്ങളിൽ പാൽ വിതരണത്തിന് മെഷീനുകൾ സ്ഥാപിക്കാനാണ് മിൽമയുടെ തീരുമാനം. തിരുവനന്തപുരം നഗരത്തിലാണ് ആദ്യഘട്ടത്തിൽ മെഷീനുകൾ സ്ഥാപിക്കുക. പണം മെഷീനിൽ ഇട്ടാൽ അതിന് അനുസരിച്ച് പാൽ ലഭിക്കും. ഓരോ ദിവസവും മെഷീനിൽ പാൽ നിറക്കും. പാക്കിംഗ് ചാർജ്ജ് അടക്കമുള്ള അധിക ചാർജ് കുറയുമെന്നാണ് മെഷീനിൽ നിന്ന് പാൽ വാങ്ങുമ്പോഴുള്ള പ്രധാന നേട്ടം.

പദ്ധതി വിജയകരമായാൽ എല്ലാ ജില്ലകളിലും യന്ത്രങ്ങൾ സ്ഥാപിക്കും. കവർ പാൽ കുറക്കുന്നതിന്‍റെ ഭാഗമായി സഞ്ചരിക്കുന്ന വിൽപ്പന ശാല  തിരുവനന്തപുരത്ത് തുടങ്ങിയിരുന്നെങ്കിലും പ്രതീക്ഷിച്ച പോലെ വിജയം കൈവരിക്കാത്ത സാഹചര്യത്തിലാണ് മെഷീനുകൾ സ്ഥാപിക്കുന്നത്. ഗ്രീൻ കേരള മിഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കന്നുകാലികളുടെയും പച്ചക്കറികളുടെയും വിൽപ്പനക്കായി കൗ ബസാർ എന്ന മൊബൈൽ ആപ്പും മിൽമ തയ്യാറാക്കുന്നുണ്ട്.