പാല്‍ ഉത്പാദന ചെലവ് ഒരു പരിധി വരെ മറികടക്കുന്നതിനാണ് അധിക പാല്‍ വില പ്രഖ്യാപിച്ചിരിക്കുന്നത്.

കോഴിക്കോട്: മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ മൂന്നു കോടി രൂപ അധിക പാല്‍വില നല്‍കും. മില്‍മ മേഖലാ യൂണിയന് കീഴിലുള്ള ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങളില്‍ ഈ സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ നല്‍കിയ നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് 1.50 രൂപയാണ് അധിക പാല്‍വിലയായി നല്‍കുക. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലെ ക്ഷീര കര്‍ഷകരിലേക്ക് മൂന്ന് കോടി രൂപ വരും ദിവസങ്ങളില്‍ അധിക പാല്‍വിലയായി എത്തിച്ചേരും. 

പാല്‍ ഉത്പാദന ചെലവ് ഒരു പരിധി വരെ മറികടക്കുന്നതിനാണ് അധിക പാല്‍ വില പ്രഖ്യാപിച്ചിരിക്കുന്നത്. അധിക പാല്‍വില ക്ഷീര സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നവംബര്‍ 10 മുതല്‍ 20 വരെയുള്ള പാല്‍ വിലയോടൊപ്പം നല്‍കും. ലിറ്ററിന് 1.50 രൂപ കൊടുക്കുമ്പോള്‍, മില്‍മ ക്ഷീരസംഘങ്ങള്‍ക്ക് നല്‍കുന്ന സെപ്റ്റംബര്‍ മാസത്തെ ശരാശരി പാല്‍ വില 46 രൂപ 94 പൈസയാകും. 

മിൽമയിൽ പാലെത്തിച്ചതിൽ ക്രമക്കേട് കണ്ടെത്തി ഓഡിറ്റ് റിപ്പോർട്ട്; പരിശോധിക്കും, നടപടി സ്വീകരിക്കുമെന്ന് മന്ത്രി

വിവിധ തരം തീറ്റപ്പുല്ലിനങ്ങള്‍ക്ക് സബ്‌സിഡി ഇനത്തിലേക്ക് മേഖലാ യൂണിയന്റെ ബജറ്റില്‍ വകയിരുത്തിയ 8 കോടി രൂപ ഇതിനോടകം പൂര്‍ണമായി നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ നല്‍കുന്ന അധിക പാല്‍വില ക്ഷീര കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങാവുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണിയും മാനേജിംഗ് ഡയറക്ടര്‍ ഡോ പി മുരളിയും പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം