ആറ്റുകാൽ വാർഡിലെ കല്ലടി മുഖം അഗതി മന്ദിരത്തിലെ ഓണാഘോഷത്തിനാണ് വിളമ്പുകാരനായി മന്ത്രി വി ശിവൻകുട്ടി എത്തിയത്. ആര്‍ആര്‍ടി വോളയന്‍റിയര്‍മാരുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം ആറ്റുകാൽ വാർഡിലെ കല്ലടി മുഖം അഗതി മന്ദിരത്തിൽ ഓണാഘോഷം സംഘടിപ്പിച്ചത്.

തിരുവനന്തപുരം: ആറ്റുകാലിലെ അഗതി മന്ദിരത്തില്‍ നടന്ന ഓണാഘോഷത്തിലെ വിളമ്പുകാരനെ കണ്ട് അന്തേവാസികൾ ആദ്യം തെല്ലൊന്ന് അമ്പരന്നു. നല്ല പരിചയമുള്ള മുഖം... ഒന്നൂടെ നോക്കിയപ്പോള്‍ അതാ നേമത്തിന്‍റെ സ്വന്തം 'ശിവന്‍കുട്ടിയണ്ണന്‍' സദ്യ വിളമ്പുന്നു. ആറ്റുകാൽ വാർഡിലെ കല്ലടി മുഖം അഗതി മന്ദിരത്തിലെ ഓണാഘോഷത്തിനാണ് വിളമ്പുകാരനായി മന്ത്രി വി ശിവൻകുട്ടി എത്തിയത്.

ആര്‍ആര്‍ടി വോളയന്‍റിയര്‍മാരുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം ആറ്റുകാൽ വാർഡിലെ കല്ലടി മുഖം അഗതി മന്ദിരത്തിൽ ഓണാഘോഷം സംഘടിപ്പിച്ചത്. കൊവിഡ് 19 മഹാമാരിയുടെ മുൻനിര പോരാളികളായി നേമം മണ്ഡലത്തിലെ കൺട്രോൾ റൂമിൽ പ്രവർത്തിച്ച ആര്‍ആര്‍ടി വോളന്‍റിയര്‍മാരാണ് ഓണാഘോഷത്തിന് ചുക്കാൻ പിടിച്ചത്.

മക്കളാൽ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളും അഗതി മന്ദിരത്തിൽ ഉണ്ട്‌. അവരോടൊപ്പം മന്ത്രി ഏറെ സമയം ചെലവഴിച്ചു. ഓരോരുത്തരോടും മന്ത്രി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ഒരുമിച്ചിരുന്നു ഓണസദ്യ ഉണ്ടതിന് ശേഷമാണ് മന്ത്രി വി ശിവൻകുട്ടി മടങ്ങിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.