പെൺകുട്ടിയെക്കുറിച്ച് അപവാദ പ്രചരണം നടത്തിയതിനെ തുടർന്ന് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. 

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍വച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിനെ 33 വര്‍ഷം കഠിന തടവിനും 3,05,000 രൂപ പിഴയടയ്ക്കുവാനും കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചു. പിഴ തുകയില്‍നിന്ന് ഒരു ലക്ഷം രൂപ അതിജീവിതയ്ക്കു നല്‍കാനും പോക്‌സോ കോടതി ഉത്തരവിട്ടു. പോര്‍ക്കുളം സ്വദേശിയെ ആണ് പോക്‌സോ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്.

2019 മുതല്‍ 2024 കാലഘട്ടത്തില്‍ പലതവണ പ്രതിയുടെ വീട്ടില്‍വച്ച് പെണ്‍കുട്ടിക്കു നേരേ ലൈംഗിക അതിക്രമം നടത്തിയിരുന്നു. ഇതിനു പുറമെ പെണ്‍കുട്ടിക്കു മുമ്പില്‍ ലൈംഗിക പ്രദര്‍ശനം നടത്തുകയും കത്തികൊണ്ട് മുറിപ്പെടുത്തുകയും ചെയ്തിരുന്നു. അതിജീവിതയെക്കുറിച്ച് അപവാദ പ്രചരണം നടത്തിയതിനെ തുടര്‍ന്ന് അതിജീവിത ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് പെണ്‍കുട്ടി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കുന്നംകുളം പോലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കുന്നംകുളം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി. ജിഷിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുന്നംകുളം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം. ജോര്‍ജ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.എസ്. ബിനോയ്, അഡ്വ. കെ.എന്‍.അശ്വതി, അഡ്വ. ചിത്ര എന്നിവരും ഗ്രേഡ് എ.എസ്.ഐ. എം. ഗീതയും പ്രവര്‍ത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം