ഹരിപ്പാട്: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. താമല്ലാക്കൽ സ്വദേശി സുജിത്ത് (25), പിതാവ് സുഗതൻ (67), ബന്ധുവായ ഷിജു (23) എന്നിവരെയാണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ സുജിത്തിനെ പെൺകുട്ടിയുമായി  പോകാൻ സഹായിച്ചതാണ് സുഗതനും, ഷിജുവിനുമെതിരായ കുറ്റം. 

കഴിഞ്ഞ മാസം 29നാണ് പെൺകുട്ടിയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. അന്വേഷണത്തിൽ സുജിത്തിനെയും പെൺകുട്ടിയെയും കൊല്ലം ഓയൂരിൽ ഉള്ള ബന്ധുവിന്റെ വീട്ടിൽ  നിന്നും കണ്ടെത്തി. സുഗതനെയും ഇവിടെ നിന്നു തന്നെയാണ് അറസ്റ്റ് ചെയ്തത്. ഷിജുവിനെ കായംകുളത്തു നിന്നും പിടികൂടി. 

ചോദ്യം ചെയ്യലിൽ ആണ് പീഡന വിവരം പുറത്ത് അറിയുന്നത്. കഴിഞ്ഞ ഒരു വർഷമായി പീഡനം നടന്നതായാണ് പെൺകുട്ടിയുടെ മൊഴി. പുല്ലുകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനു വന്നപ്പോഴാണ്  ഇവർ പരിചയപ്പെട്ടത്.  സുജിത്ത് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. പ്രതികളെ ഹരിപ്പാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.