വര്‍ക്കല: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ നിരന്തര ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ ജോണ്‍ ആണ് അറസ്റ്റിലായത്. പ്രതിയുടെ പീഡനത്തില്‍ മനംനൊന്ത് പെണ്‍കുട്ടി കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തിരുന്നു. കിണറ്റില്‍ മരിച്ച നിലയില്‍ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 28-കാരനായ പ്രതി അറസ്റ്റിലായത്.   

മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും രാസപരിശോധനക്ക് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതോടെയാണ് പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി ഒരു വര്‍ഷമായി പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് ശേഷം ഒളിവില്‍ പോയ ഇയാള്‍ പലയിടങ്ങളില്‍ താമസിച്ചു. നിരവധി സിം കാര്‍ഡുകള്‍ മാറ്റി ഉപയോഗിച്ച പ്രതിയെ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് പിടികൂടിയത്. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും ആത്മഹത്യാ പ്രേരണ,നിരന്തര ലൈംഗിക പീഡനം എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.