സഞ്ചാരയോഗ്യമായ റോഡുകളോ മതിയായ സ്കൂള്‍ കെട്ടിടങ്ങളോ ഇല്ലാതെ ഇടമലക്കുടിയിലെ കുട്ടികള്‍ ദുരിതത്തില്‍.

ഇടുക്കി: സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും അന്താരാഷ്ട്ര നിലവാരത്തിലെത്തിയിട്ടും ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ കുട്ടികളുടെ തുടര്‍പഠനം മൂന്ന് ക്ലാസ് മുറിയില്‍ ഒതുങ്ങുകയാണ്. മുറികള്‍ ലഭിക്കാത്തതിനാല്‍ ഏഴാം ക്ലാസുവരെയുള്ള കുട്ടികള്‍ മൂന്നുമുറികളാണ് പഠനം നടത്തുന്നത്. പുതുവര്‍ഷ പുലരിയില്‍ കുടിയിലെത്തിയ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തലയുടെ പ്രഖ്യാപനം കാര്യങ്ങള്‍ മാറ്റിമറിക്കുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്. കഞ്ഞിപ്പുരയ്ക്കും സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കാനുമായി 71 ലക്ഷം രൂപയുടെ പാക്കേജാണ് 2010ലാണ് ഇടമലക്കുടിലെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് റോഡ്, വെള്ളം, വൈദ്യതി, ഭവന നിര്‍മ്മാണം തുടങ്ങിയ വിവിധ പദ്ധതികള്‍ക്കായി കോടികള്‍ അനുവദിച്ചു.

പി കെ ജയലക്ഷമിയുടെ സന്ദര്‍ശനത്തോടെ കുടിയിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കാന്‍ 10.5 കോടി അനുവധിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ 4.5 കോടി ചിലവഴിച്ചെങ്കിലും റോഡെന്ന സ്വപ്‌നം യാഥാര്‍ത്യമായില്ല. പണം എന്തിനാണ് ചിലവഴിച്ചതെന്നും കണ്ടെത്താന്‍ അധിക്യതര്‍ക്ക് കഴിഞ്ഞിട്ടില്ല. മൂന്നാറില്‍ നിന്നും 38 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ സൊസൈറ്റിക്കുടിയിലെത്താം. ഇതില്‍ പെട്ടിമുടിവരെയുള്ള ഭാഗങ്ങള്‍ മാത്രമാണ് കാറടക്കമുള്ള വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയുക. അവിടെ നിന്നുള്ള 16 കിലോ മീറ്റര്‍ യാത്ര ചെയ്യണമെങ്കില്‍ ഹൈ സ്പീഡ് ജീപ്പുികളുടെ സേവനം ആവശ്യമാണ്. പാറകളുടെ മുകളിലൂടെ സാഹസീകമായാണ് കുടിയിലെ ആദിവാസികള്‍ ജീപ്പുകള്‍ ഓടിക്കുന്നത്. ഒരു പാറക്കെട്ടുകളില്‍ നിന്നും മറ്റൊന്നിലേക്ക് ചാഞ്ചാടിപോകുന്ന വാഹനങ്ങളില്‍ നിന്നും പലപ്പോഴും യാത്രക്കാര്‍ക്ക് ഇറങ്ങി നടക്കേണ്ടിവരുകയും ചെയ്യും. വാഹനം കടന്നുചെല്ലുന്ന ഭാഗങ്ങളില്‍ ചെറുതോടുകളും പുഴകളും നിരവധിയാണ്. മഴക്കാലത്ത് നീരൊഴുക്ക് ശക്തമാകുന്നതോടെ ഇടമലക്കുടി ഒറ്റപ്പെടാന്‍ കാരണവും ഇതുതന്നെയാണ്. പുതുവര്‍ഷത്തില്‍ സന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തലയും പലയിടങ്ങളിലും വാഹനത്തില്‍ നിന്നും ഇറങ്ങേണ്ടിവന്നു.

Read More: തലസ്ഥാനത്തെ മൃ​ഗശാലയിലെ പുതിയ അതിഥി ബാൻഡഡ് ക്രെയ്റ്റ് എന്ന മ‍ഞ്ഞവരയൻ

16 കിലോമീറ്റര്‍ ദൂരം കടക്കാന്‍ 5 മണിക്കൂറാണ് വാഹനങ്ങള്‍ എടുക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ മനസിലാക്കിയതോടെയാണ് റോഡിന്റെ സഞ്ചാരയോഗ്യമാക്കാന്‍ അദ്ദേഹം സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കഴിഞ്ഞില്ലെങ്കില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആദ്യത്തേത് ഇടമലക്കുടിയുടെ റോഡ് യാഥാര്‍ത്ഥ്യമാക്കുക എന്നതായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പഞ്ചായത്ത് ഓഫീസും, ആശുപത്രിയും, അക്ഷയ കേന്ദ്രങ്ങളും കുടിക്ക് പ്രത്യേകമായി അനുവധിച്ചിട്ടും ഇത്തരം സേവനങ്ങള്‍ ലഭിക്കാന്‍ ദേവികുളത്ത് എത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതെല്ലാം പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞാല്‍ കുടിക്കാര്‍ക്ക് ആശ്വാസമാകും.