Asianet News MalayalamAsianet News Malayalam

ഓട്ടിസം ബാധിതയായ മകളുമായി ദുരിതജീവിതം തള്ളി നീക്കി ബധിരയും മൂകയുമായ ഒരമ്മ

ക്ലാസ് കഴിയുംവരെ സ്കൂൾ പരിസരത്ത് മകളെയും കാത്ത് ആ അമ്മയുമുണ്ടാകും. ഏത് നിമിഷവും ബോധമറ്റ് വീഴാവുന്ന മകൾക്ക് പരിചരണം നൽകാനുള്ള ഒരമ്മയുടെ കാത്തിരിപ്പാണിത്. 

miserable life of a deaf and mute mother with her autistic daughter
Author
First Published Nov 26, 2022, 2:28 PM IST


കായംകുളം: പരസഹായമില്ലാതെ ഒന്നിനും കഴിയാത്ത എട്ടുവയസ്സുകാരി മകൾക്കൊപ്പം ബധിരയും മൂകയുമായ രാജലക്ഷ്മിയും എന്നും സ്കൂളിലെത്തും. ക്ലാസ് കഴിയുംവരെ സ്കൂൾ പരിസരത്ത് മകളെയും കാത്ത് ആ അമ്മയുമുണ്ടാകും. ഏത് നിമിഷവും ബോധമറ്റ് വീഴാവുന്ന മകൾക്ക് പരിചരണം നൽകാനുള്ള ഒരമ്മയുടെ കാത്തിരിപ്പാണിത്. റോഡിൽ നിന്ന് 15 അടിയോളം താഴ്ചയിലുള്ള വീട്ടിലേക്ക് കുട്ടിയുമായി കയറാനും ഇറങ്ങാനും അടക്കം പ്രയാസപ്പെട്ടുള്ള യാത്രയാണ് ഓരോ ദിവസവും. ജന്മന ബധിരയും മൂകയുമായ രാജലക്ഷ്മി (43) ഓട്ടിസം ബാധിതയായ മകളെയും ചേർത്തുപിടിച്ച് പ്രതീക്ഷയുടെ ലോകത്ത് ദുരിതജീവിതം താണ്ടുകയാണ്. പത്തിയൂർ പഞ്ചായത്ത് 12-ാം വാർഡിൽ എരുവ പടിഞ്ഞാറ് തറയിൽപറമ്പിൽ പടിറ്റതിൽ രാജലക്ഷ്മിയുടെയും എട്ടുവയസ്സുകാരി മകൾ ഗൗരിയുടെയും ജീവിതം നന്മമനസ്സുകൾക്ക് കാണാതിരിക്കാനാകില്ല. 

ഗർഭിണിയായിരിക്കെ ഉപേക്ഷിച്ച് പോയ ഭർത്താവ് പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ല. ഉള്ളിലെ സങ്കടം ഒരാളോടും പങ്കുവെക്കാൻ പോലുമാകാത്ത രാജലക്ഷ്മിയെ വാർധക്യ അവശതകളിൽ പ്രയാസപ്പെടുന്ന മാതാപിതാക്കളായ രാജപ്പനും (68), വിജയമ്മയും (62) ചേർത്ത് നിർത്തുകയായിരുന്നു. ആരോഗ്യമുള്ള കാലത്തോളം കൂലിപ്പണിയെടുത്ത് രാജപ്പൻ മകളെയും കൊച്ചുമകളെയും നല്ലതുപോലെ നോക്കി. അടുത്തിടെ വീണ് എല്ലിന് പൊട്ടൽ സംഭവിച്ചതോടെ ജീവിതം വാക്കറിന്‍റെ സഹായത്തിലായി. ഇപ്പോൾ വിജയമ്മ  വീട്ടുപണിക്ക് പോയാൽ കിട്ടുന്ന തുച്ഛ വരുമാനമാണ് ഈ കുടുംബത്തിന്‍റെ ആശ്രയം. തങ്ങളുടെ കാലശേഷം മകളുടെ അവസ്ഥ എന്താകുമെന്ന നീറ്റലിലാണിവർ. 

ഈ കുടുംബത്തിന് സ്വന്തമായി വീടില്ല. പത്തിയൂർ തോടിന്‍റെ കരയിൽ പഞ്ചായത്ത് നൽകിയ അഞ്ച് സെന്‍റിലെ ചെറിയ വീട്ടിൽ സഹോദരന്‍റെ കാരുണ്യത്തിലാണ് രാജലക്ഷ്മി അടക്കമുള്ള നാലംഗ കുടുംബം  കഴിയുന്നത്. സൗകര്യങ്ങളില്ലാത്ത വീട്ടിൽ ഇവരുടെ താമസം സൃഷ്ടിക്കുന്ന അലോസരങ്ങൾ ചെറുതല്ല. എരുവ മാവിലേത്ത് ഗവ. സ്കൂളിൽ മൂന്നാം ക്ലാസിലാണ് ഗൗരി പഠിക്കുന്നത്. കുഞ്ഞിന് ദിനവും ഫിസിയോതെറാപ്പി ചെയ്യണമെന്നാണ് നിർദേശമെങ്കിലും ഇതിനുള്ള മാർഗം രാജലക്ഷ്മിക്കില്ല. ആരുടെയെങ്കിലും സഹായത്താൽ വല്ലപ്പോഴും മാത്രമേ തെറാപ്പി സാധ്യമാകുന്നൊള്ളൂ. സ്കൂൾ പി ടി എ കമ്മിറ്റിയും സന്നദ്ധ സംഘടനകളുടെയും സ്നേഹമനസ്സുകളുടെയും സഹാ‍യമാണ് ആകെ ആശ്വാസം. ഏത് നിമിഷവും ഇറങ്ങേണ്ടി വരുന്ന വീട്ടിലെ താമസത്തിന് ഒരു പരിഹാരമാണ് രാജലക്ഷ്മിയുടെ ഏറ്റവും വലിയ സ്വപ്നം. പാറിപ്പറന്ന് നടക്കേണ്ട മകളുടെ അവസ്ഥയിൽ നൊമ്പരപ്പെടുന്ന രാജലക്ഷ്മിക്കും കുടുംബത്തിനും സുമനസ്സുകളിലാണ് പ്രതീക്ഷയത്രയും. 
 

Follow Us:
Download App:
  • android
  • ios