മലപ്പുറം: മിഠായി തെരുവിന്‍റെ ഗായകൻ ബാബു ഭായ്ക്ക് പുത്തന്‍ ഹാര്‍മോണിയം സമ്മാനിച്ച് എം കെ മുനീ‌ർ എംഎൽഎ‍. മലപ്പുറം പ്രസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മലപ്പുറം ഫെസ്റ്റിൽ വെച്ചാണ് മൂന്നു മാസം മുൻപ് ബാബു ഭായിക്ക് നൽകിയ ഉറപ്പ് മുനീർ നിറവേറ്റിയത്.

മലപ്പുറം ഫെസ്റ്റിലെ സംഗീത രാവിന് ഈണം പകരാനായി തന്‍റെ പഴയ ഹാർമോണിയവുമായി എത്തിയതായിരുന്നു ബാബു ഭായിയും കുടുംബവും. എന്നാൽ ബാബു ഭായ് പാടിത്തുടങ്ങുന്നതിന് മുന്നേ എം കെ മുനീർ വേദിയിലെത്തി. മിഠായി തെരുവിന്‍റെ ഗായകന് മൂന്നൂ മാസം മുൻപ് നൽകിയ വാക്ക് പാലിക്കുന്നു എന്ന് പറഞ്ഞ് എം കെ മുനീർ തന്‍റെ സ്നേഹ സമ്മാനവും നൽകി.

ഹാർമോണിയം സമ്മാനിച്ചതിനു പുറമേ ബാബു ഭായിയുടെ സംഗീത രാവിൽ ഒരു ഗാനവും ആലപിച്ചാണ് ഗായകൻ കൂടിയായ ജനപ്രതിനിധി വേദി വിട്ടത്. പുതിയ ഹാർമോണിയം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ബാബു ഭായിയും കുടുംബവും പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ മിഠായി തെരുവില്‍ നിന്ന് ബാബു ഭായിയെ പൊലീസ് പുറത്താക്കിയപ്പോഴും തെരുവിന്‍റെ പാട്ടുകാരന് പിന്തുണയുമായി എം കെ മുനീറെത്തിയിരുന്നു.