കോഴിക്കോട്: കോഴിക്കോട് പൊറ്റമ്മലിലുള്ള കേലാട്ട്കുന്ന് കോളനിക്കാര്‍ക്ക് പട്ടയം ലഭിക്കാനുള്ള നടപടികൾ ഉടൻ‌ സ്വീകരിക്കുമെന്ന് എംകെ മുനീർ എംഎൽഎ. കോളനിക്കാരുടെ ദുരിതത്തെക്കുറിച്ചറിഞ്ഞ എംഎൽഎ കോളനിയിലെത്തി സ്ഥിതി​ഗതികൾ മനസ്സിലാക്കിയതിന് ശേഷമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഏഷ്യാനെറ്റ് ന്യൂസാണ് കേലാട്ട് കുന്ന് കോളനിക്കാരുടെ ദുരിതം പുറംലോകത്തെ അറിയിച്ചത്.

പിഡബ്ള്യൂഡി ഉപയോഗിക്കാത്ത ഈ സ്ഥലം കോളനിക്കാർക്ക് വേണ്ടി മാറ്റിക്കൊടുക്കാന്‍ പറ്റും എന്ന് കരുതുന്നതെന്നും അതിന് സാധിച്ചാൽ അവിടെയുള്ളവർക്ക് ആവശ്യമായ വീടുകള്‍ ലഭിക്കുന്നതിനും കക്കൂസ് സൗകര്യം ഒരുക്കി കൊടുക്കുന്നതുൾപ്പടെ പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കുമെന്നും മുനീർ മാധ്യമങ്ങളോട് പറഞ്ഞു. 

പൊതുമരാമത്ത് വകുപ്പിന്‍റെ പുറമ്പോക്ക് ഭൂമിയിലാണ് പൊറ്റമ്മല്‍ കേലാട്ട്കുന്ന് കോളനി സ്ഥിതി ചെയ്യുന്നത്. അടിച്ചുറപ്പില്ലാത്ത കുടിലുകളില്‍ പട്ടയമോ റേഷന്‍കാര്‍ഡോ ഇല്ലാതെ 19 കുടുംബങ്ങളാണ് കഴിയുന്നത്. കോളനിയില്‍ താമസിക്കുന്നവര്‍ക്ക് കാര്‍ഡില്ലെങ്കിലും റേഷന്‍ ഉറപ്പാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

മാവൂര്‍ റോഡിന്‍റെ ഇരുവശത്തുമായി താമസിച്ചിരുന്നവര്‍ 25 വര്‍ഷം മുമ്പാണ് കേലാട്ട്കുന്നിലേക്ക് കുടിയേറിയത്. പട്ടയം ആവശ്യപ്പെട്ട് കോളനിയില്‍ താമസിക്കുന്നവര്‍ നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. എംഎല്‍എയെങ്കിലും വാക്ക് പാലിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.