വീടുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നതിനാൽ മിനിയും പ്രായപൂര്‍ത്തിയായ മകളും മകനും വീടിന് സമീപമുള്ള ഷെഡ്ഡിലേക്ക് താമസം മാറിയിരുന്നു. എന്നാല്‍ ഷെഡ്ഡിലെ താമസം സുരക്ഷിതമല്ലാത്തതിനാല്‍ മകള്‍ മിനിയുടെ അനിയത്തിയുടെ വീട്ടിലാണ് ഇപ്പോള്‍ കഴിയുന്നത്.
തിരുവനന്തപുരം: ബ്ലേഡ് മാഫിയാ സംഘം ഹിറ്റാച്ചി ഉപയോഗിച്ച് വീടിന്‍റെ ചുറ്റുമതിൽ തകർത്തതായി പരാതി. എന്നാല്‍, കേസെടുക്കുന്നതിന് പകരം കോവളം പൊലീസ് സ്റ്റേഷനിൽ വെച്ച് സംഭവം പ്രതിക്കനുകൂലമായി ഒത്തുതീർപ്പാക്കിയതായി നാട്ടുകാര്‍ ആരോപിച്ചു. കോവളം കോളിയൂരിൽ ഞായറാഴ്ച (11.7.2021) രാവിലെ 7 മണിയോടെ കോളിയൂർ സ്വദേശിനി മിനിയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ ലോക്ഡൌണിനിടെയാണ് സംഭവം.
21 വര്‍ഷം മുമ്പ് മിനിയുടെ അച്ഛൻ തിരുവല്ലം സ്വദേശിയിൽ നിന്ന് ഒന്നര ലക്ഷം രൂപ പലിശയ്ക്ക് എടുത്തിരുന്നു. 60,000 രൂപ വരെ തിരികെ അടച്ചെങ്കിലും ഇതിനിടെ മിനിയുടെ അച്ഛന്‍ മരിച്ചതോടെ പണം തിരികെ നൽകുന്നത് അനിശ്ചിതത്വത്തിലായി. ബാക്കി തുകയും പലിശയുമടക്കം 91,000 രൂപയാണ് മടക്കി നൽകാനുള്ളത്. ഇതിന്‍റെ പേരിൽ കോടതിയില്‍ കേസ് നടക്കുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍, ഈ കേസ് അവസാനിപ്പിക്കാന്‍ 8 ലക്ഷം രൂപയും 8 സെന്‍റ് സ്ഥലവും ഇയാള്‍ ആവശ്യപ്പെട്ടു.
ഇത്രയും വലിയ തുകയോ സ്ഥലമോ നല്‍കാന്‍ മിനിയുടെ കുടുംബത്തിന് കഴിവില്ല. ഈ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ഇന്നലെ അതിരാവിലെ മിനിയുടെ വീട്ടിലെത്തിയ ഇയാള്‍ ഹിറ്റാച്ചി ഉപയോഗിച്ച് മിനിയുടെ വീടിന്‍റെ മതില്‍ തകര്‍ക്കുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസികള്‍ എത്തി നാട്ടുകാരുടെ സഹായത്തോടെ ഹിറ്റാച്ചി പിടികൂടി കോവളം പൊലീസിന് കൈമാറി. എന്നാല്‍, കോവളം പൊലീസ് പ്രശ്നം പരിഹരിക്കുന്നതിന് പകരം പ്രതിക്കൊപ്പം നിന്ന് വാദിക്കെതിരെ നടപടിയെടുക്കുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ലോക്ഡൌണ്‍ ലംഘനത്തിനെതിരെ പോലും ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച കോവളം പൊലീസ്, മുതലും പലിശയും അടക്കം മിനിയുടെ കുടുംബം കൊടുക്കാനുണ്ടെന്ന് പലിശക്കാരന്‍ പറഞ്ഞ 8 ലക്ഷം രൂപ 15 ദിവസത്തിനുള്ളില്‍ കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയെങ്കില്‍ പലിശയ്ക്ക് പണം നല്‍കിയ ആള്‍ മിനിയുടെ സ്ഥലത്ത് ഇനി ഇടപെടില്ലെന്ന നിബന്ധനയില്‍ ഒത്തു തീര്‍പ്പാക്കുകയായിരുന്നത്രേ. സംഭവത്തില്‍ ഉള്‍പ്പെട്ട പലിശക്കാരനെതിരെ തിരുവല്ലം പൊലീസ് സ്റ്റേഷനിൽ മണി ലെന്‍റിങ് ആക്റ്റ് പ്രകാരം നിരവധി കേസുകൾ ഉള്ളതായാണ് വിവരം.
സ്ഥിരമായി കൂടിയ പലിശയ്ക്ക് പണം കടം നല്‍കി നാട്ടുകാരുടെ വസ്തുവഹകള്‍ ഇയാള്‍ സ്വന്തമാക്കിയതായും നാട്ടുകാര്‍ പരാതിപ്പെട്ടു. വീടുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നതിനാൽ മിനിയും പ്രായപൂര്‍ത്തിയായ മകളും മകനും വീടിന് സമീപമുള്ള ഷെഡ്ഡിലേക്ക് താമസം മാറിയിരുന്നു. എന്നാല്‍ ഷെഡ്ഡിലെ താമസം സുരക്ഷിതമല്ലാത്തതിനാല്‍ മകള്‍ മിനിയുടെ അനിയത്തിയുടെ വീട്ടിലാണ് ഇപ്പോള്‍ കഴിയുന്നത്. ഈ വീടും സ്ഥലവും തന്‍റെ പേരിലാണെന്നും അതിനെ തുടര്‍ന്നാണ് വീട് പൊളിക്കാനെത്തിയതെന്നും പലിശയ്ക്ക് പണം നല്‍കിയയാള്‍ പറഞ്ഞതായി കോവളം പൊലീസ് പറയുന്നു. തുടർന്ന് പൊലീസിന്‍റെ മധ്യസ്ഥതയിൽ ചർച്ച നടത്തി വീടും സ്ഥലവും തിരികെ വാങ്ങി നൽകാൻ വേണ്ട സഹായം ഒരുക്കുകയായിരുന്നെന്നും കോവളം പൊലീസ് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
