ആലപ്പുഴ: മഴയുടെ ശക്തി കുറഞ്ഞെങ്കിലും ആലപ്പുഴ ജില്ലയില്‍ ഇക്കുറി കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കാലവര്‍ഷത്തില്‍ സംഭവിച്ച നാശനഷ്ടത്തിന്റെ തോത് ഉയരുകയാണ്. ഇതുവരെ നാല് വീടുകള്‍ പൂര്‍ണമായും 45 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ചൊവ്വാഴ്ച 13 വീടുകളാണ് ഭാഗികമായി തകര്‍ന്നത്.

കുട്ടനാട് -രണ്ട്, മാവേലിക്കര-ഒന്ന്, ചേര്‍ത്തല- രണ്ട്, അമ്പലപ്പുഴ-ആറ്, കാര്‍ത്തികപ്പള്ളി-രണ്ട് എന്നിങ്ങനെയാണ് ഭാഗീകമായി തകര്‍ന്ന വീടുകളുടെ കണക്ക്. ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണുള്ള നാശനഷ്ടമാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മഴ കുറഞ്ഞെങ്കിലും ശക്തമായ കാറ്റ് വീശുന്നുണ്ട്.

തീരപ്രദേശങ്ങളില്‍ തിരമാലകള്‍ ഉയരുന്നത് കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. അമ്പലപ്പുഴ, വളഞ്ഞവഴി, കാക്കാഴം, വണ്ടാനം, ഒറ്റമശ്ശേരി, കാട്ടൂര്‍ എന്നിവിടങ്ങളില്‍ കടല്‍ക്ഷോഭം ശക്തമാണ്. കടല്‍ഭിത്തി ഇല്ലാത്തത് പ്രദേശവാസികളെ ആശങ്കപ്പെടുത്തുകയാണ്. കടലാക്രമണം തടയാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ മണല്‍ചാക്കുകള്‍ സ്ഥാപിച്ച് വരുകയാണ്.