എടത്വ: തലവടി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നരകത്തറമുട്ട് കട്ടയില്‍ വീട്ടില്‍ വിലാസിനിയുടെ ഓട് മേഞ്ഞ വീടാണ് കത്തിനശിച്ചത്. വീടിന്റെ മേല്‍ക്കൂരയും, രണ്ട് മുറികളും, ഫര്‍ണിച്ചര്‍ സാധനങ്ങളും ആശുപത്രിയില്‍ പോകാന്‍ ബാങ്കില്‍ നിന്ന് എടുത്തുവെച്ച 7000 രൂപയും കത്തി നശിച്ചിട്ടുണ്ട്. മുറിയില്‍ കിടന്നുറങ്ങിയ വിലാസിനിയും, മകന്‍ സന്തോഷും അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 12.30നായിരുന്നു സംഭവം.

മച്ചില്‍ നിര്‍മ്മിച്ച പുരയുടെ ഓട് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വിലാസിനി ഉണര്‍ന്നത്. ഇതിനോടകം മച്ചിലത്ത് മറ്റ് രണ്ട് മുറികളും കത്തിനശിച്ചിരുന്നു. വീട്ടുകാരുടെ അലര്‍ച്ചകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ എടത്വ പൊലീസ് സ്റ്റേഷനിലും, തകഴി ഫയര്‍ഫോഴ്‌സിലും വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്ക് വീട് ഏറെക്കുറെ കത്തി നശിച്ച നിലയിലായിരുന്നു. 

ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാര്‍ പറയുന്നു. ശനിയാഴ്ച രാത്രിയില്‍ നിരേറ്റുപുറം പമ്പ ബേക്കറി ഗോഡൗണ്‍ തീ പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു.