Asianet News MalayalamAsianet News Malayalam

ഓട്ടൊ ഡ്രൈവര്‍മാര്‍ക്ക് ബാഡ്ജ് വേണ്ട; മോട്ടോര്‍ വാഹന വകുപ്പില്‍ വന്‍ പരിഷ്കരണം

ബാഡ്ജ് ഉള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി മുതല്‍ മൂന്ന് വര്‍ഷം കൂടുമ്പോള്‍ പുതുക്കേണ്ടതില്ല. ആ ലൈസന്‍സിന്‍റെ സാധുത സ്വകാര്യ വാഹനങ്ങള്‍  ഓടിക്കുന്നതിനുള്ള കാലാവധിയായി കണക്കാക്കുന്നതായിരിക്കും. ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന് മുകളില്‍ ലോഡടക്കം 7500 കിലോഗ്രാമില്‍ കൂടുതല്‍ ഭാരം വരുന്ന വാഹനങ്ങള്‍ ഓടിക്കുന്നതിന് ഹെവി ഡ്രൈവിങ് ലൈസന്‍സും ബാഡ്ജും ആവശ്യമാണ്

motor vehicle department changes
Author
Malappuram, First Published Nov 23, 2018, 3:17 PM IST

മലപ്പുറം: ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് നിയമങ്ങളിലും ഭേദഗതി വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. പുതിയ ഭേദഗതി പ്രകാരം 7500 കിലോ ഗ്രാമില്‍ താഴെ ലോഡ് ഉള്‍പ്പെടെ ഭാരം വരുന്ന ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഓട്ടൊറിക്ഷ, ത്രീവീലര്‍ ഗുഡ്‌സ് തുടങ്ങിയ ട്രാന്‍സ്‌പോര്‍ട്ട് ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ല.

ഇപ്രകാരം ബാഡ്ജ് ഉള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി മുതല്‍ മൂന്ന് വര്‍ഷം കൂടുമ്പോള്‍ പുതുക്കേണ്ടതില്ല. ആ ലൈസന്‍സിന്‍റെ സാധുത സ്വകാര്യ വാഹനങ്ങള്‍  ഓടിക്കുന്നതിനുള്ള കാലാവധിയായി കണക്കാക്കുന്നതായിരിക്കും. ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന് മുകളില്‍ ലോഡടക്കം 7500 കിലോഗ്രാമില്‍ കൂടുതല്‍ ഭാരം വരുന്ന വാഹനങ്ങള്‍ ഓടിക്കുന്നതിന് ഹെവി ഡ്രൈവിങ് ലൈസന്‍സും ബാഡ്ജും ആവശ്യമാണ്. അത്തരത്തിലുള്ള ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധി മൂന്നു വര്‍ഷമാണ്. ഹെവി ഡ്രൈവിങ് ലൈസന്‍സുകള്‍ മൂന്നു വര്‍ഷം കൂടുമ്പോള്‍ പുതുക്കണം.

ഭേദഗതി പ്രകാരം പുതിയ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷനോടനുബന്ധിച്ചു തന്നെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കെറ്റ് നല്‍കും. രണ്ടു വര്‍ഷത്തേക്ക് നല്‍കുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കെറ്റിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. രജിസ്‌ട്രേഷന്‍ തിയ്യതി മുതല്‍ എട്ടു വര്‍ഷക്കാലത്തേക്ക് രണ്ടു വര്‍ഷം കൂടുമ്പോള്‍ ഫിറ്റ്‌നസ് പുതുക്കിയാല്‍ മതി. എട്ട് വര്‍ഷത്തിന് ശേഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക്ഓരോ വര്‍ഷവും ഫിറ്റ്‌നസ് എടുക്കണം. നിലവില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കെറ്റ് അനുവദിച്ച തിയ്യതിയില്‍ മാറ്റമുണ്ടാവില്ല. നിലവില്‍ അനുവദിച്ച ഫിറ്റ്‌നസ് സര്‍ട്ടിഫിക്കെറ്റ് കാലാവധി തീരുന്ന മുറക്ക് മോട്ടോര്‍ വാഹന വകുപ്പ് ഓഫിസില്‍ നിന്നും പുതുക്കി വാങ്ങണം.

Follow Us:
Download App:
  • android
  • ios