കോട്ടയം: ഹെല്‍മറ്റ് ധരിക്കാതെ, വളർത്തുനായയെ ബൈക്കിന്റെ പിന്നിലിരുത്തി സാഹസിക യാത്ര നടത്തിയ ഉടമസ്ഥനെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കോട്ടയം-കുമളി റോഡിൽ മണർകാടാണ്‌ നായയെ പിന്നിലിരുത്തി ഉടമസ്ഥൻ ബൈക്കിൽ യാത്ര ചെയ്തത്. ഇയാൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ല.  

സംഭവംകണ്ട  മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.സാബു നിയമം ലംഘിച്ചുള്ള ബൈക്ക് യാത്രയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തുടർന്ന് ബൈക്കിന്റെ ആർ.സി. ഉടമയ്ക്ക് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ടോജോ എം.തോമസ് നോട്ടീസ് അയച്ചു. 

വളർത്തുമൃഗത്തെ അപകടകരമായ രീതിയിൽ ബൈക്കിൽ നിർത്തി പൊതുനിരത്തിലൂടെ യാത്ര ചെയ്തതിനും ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനും ചേർത്ത് 1500 രൂപ പിഴയടക്കണമെന്നാണ് നോട്ടീസ്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം ഉടമസ്ഥൻ ഹാജരാകാനും വിശദീകരണം എഴുതി നൽകണം. ഇല്ലെങ്കില്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കും.