തകഴി ശിവശങ്കരപ്പിള്ളയുടെ നോവലായ ചെമ്മീൻ സിനിമയായി ഇറങ്ങിയിട്ട് ഇന്നേക്ക് 56 വർഷം പിന്നിടുകയാണ്. ചെമ്മീനിലെ അനശ്വര കഥാപാത്രമായ കറുത്തമ്മയുടെ കൂട്ടുകാരിയായി അഭിനയിക്കാൻ അവസരം ലഭിച്ച തങ്കം പതിറ്റാണ്ടുകൾക്കിപ്പുറം ഓർമകൾ പങ്കുവയ്ക്കുകയാണ്. അന്ന് അഭിനയിക്കാൻ എത്തിയപ്പോൾ 14 വയസായിരുന്നു തങ്കത്തിന്
ചേർത്തല: തകഴി ശിവശങ്കരപ്പിള്ളയുടെ നോവലായ ചെമ്മീൻ സിനിമയായി ഇറങ്ങിയിട്ട് ഇന്നേക്ക് 56 വർഷം പിന്നിടുകയാണ്. ചെമ്മീനിലെ അനശ്വര കഥാപാത്രമായ കറുത്തമ്മയുടെ കൂട്ടുകാരിയായി അഭിനയിക്കാൻ അവസരം ലഭിച്ച തങ്കം പതിറ്റാണ്ടുകൾക്കിപ്പുറം ഓർമകൾ പങ്കുവയ്ക്കുകയാണ്. അന്ന് അഭിനയിക്കാൻ എത്തിയപ്പോൾ 14 വയസായിരുന്നു തങ്കത്തിന്. ചേർത്തല നഗരസഭാ 9ാം വാർഡിൽ സേതു നിവാസിൽ ചേർത്തല തങ്കത്തിന്റെ രണ്ടാമത്തെ സിനിമയായിരുന്നു ചെമ്മീൻ. സത്യൻ നായകനായി അഭിനയിച്ച കടലമ്മ ആയിരുന്നു ആദ്യ സിനിമ.
ചെമ്മീനിലെ നായിക കറുത്തമ്മയുടെ കൂട്ടുകാരികളായി അഭിനയിക്കാൻ പെൺകുട്ടികളെ ആവശ്യപ്പെട്ട്
കഥാകാരൻ തകഴി ആലപ്പുഴയിലെ പ്രമുഖ സ്വർണ്ണവ്യാപാരിയായിരുന്ന ചെമ്പക മണിയോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് കടലമ്മയിൽ അഭിനയിച്ച ചേർത്തല കാരിയുടെ മുഖം തകഴിക്ക് പരിചയപ്പെടുത്തിയത്. ലാസർ ആശാൻ - റോസമ്മ ദമ്പതികളുടെ മകളായ തങ്കത്തിന് സിനിമാ ജീവിതത്തിന് വഴി തുറന്നത് ഈ ചിത്രമായിരുന്നു.
പുന്നപ്രയിലും, മാള കടപ്പുറത്തുമായിരുന്നു ലോക്കേഷൻ. പെണ്ണാളെ.... പെണ്ണാളെ.... കരിമീൻ കണ്ണാളെ.... എന്നു തുടങ്ങുന്ന ഗാനത്തിലും കറുത്തമ്മയുടെ ജീവിതത്തിലും പ്രധാന കൂട്ടുകാരിലൊരാളായിരുന്നു തങ്കം. സത്യൻ, മധു, ഷീല, കൊട്ടാരക്കര ശ്രീധരൻ നായർ, എസ്പി പിള്ള തുടങ്ങിയ പ്രഗത്ഭരുടെ കൂടെ അഭിനയിക്കാനുള്ള അവസരവും വലിയ ഭാഗ്യമായി ഇന്നും തങ്കം കരുതുന്നു.
വയലാർ രാമവർമ്മ - സലിൽ ചൗധരി കൂട്ട്കെട്ടിൽ കുറെ നല്ല പാട്ടുകളും , മാർക്സ് ബാർട്ലി, യു.രാജഗോപാൽ ടീമിന്റെ കാമറയും മലയാളിയ്ക്ക് ഇന്നും അതിശയിപ്പിക്കുന്നവയാണ്. പുതിയ ആകാശം പുതിയ ഭൂമി, കല്യാണ ഫോട്ടോ, അനുഭവങ്ങൾ പാളിച്ചകൾ, കണ്ണപ്പനുണ്ണി, തച്ചോളി അമ്പു, കടത്തനാട്ട് മാക്കം, ചൂള, പിച്ചിപ്പു, നീലപ്പൊൻമാൻ, തീനാളങ്ങൾ, ഇത്തിക്കരപ്പക്കി , വല്ലാത്ത പഹയൻ, മാണിക്ക കൊട്ടാരം എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് ചെയ്തത്.
ഹാസ്യ സാമ്രാട്ടുകളായ ബഹദൂർ, ആലുംമൂടൻ എന്നിവരുടെ ജോഡിയായിട്ടാണ് പല സിനിമകളിലും അഭിനയിച്ചത്. നിത്യവസന്തം എന്ന സിനിമയിൽ ഡാൻസ് മാസ്റ്റർ പാർത്ഥസാരഥിയുടെ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. ഒരു ചിത്രത്തിൽ വിജയശാന്തി കുതിരപ്പുറത്ത് പോകുന്ന സീനിൽ ഡ്യൂപ്പായും തങ്കം അഭിനയിച്ചു. ഇതിനിടെ സംഗീതവും, കഥകളിയും, ഫോക്ക് ഡാൻസും പഠിച്ചു.
അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ സത്യന്റെ ആദ്യ കാമുകിയായി സ്വന്തം പേരായ തങ്കം എന്ന കഥാപാത്രമായും അഭിനയിച്ചു. സത്യൻ, പ്രേം നസീർ, മധു, കൊട്ടാരക്ക ശ്രീധരൻ നായർ തുടങ്ങിയവരുടെ കൂടെ അഭിനയിക്കാനും അവസരങ്ങൾ ലഭിച്ചു. മമ്മൂട്ടി നായകനായി അഭിനയിച്ച മകൻ എന്റെ മകൻ എന്ന സിനിമയായിരുന്നു ഒടുവിൽ അഭിനയിച്ച ചിത്രം.
ഇതിനിടെ നഗരസഭാ ജീവനക്കാരിയായി സർക്കാർ ജോലി ലഭിച്ചതാടെ അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിന്നു. പ്രശ്സത കാഥികനും ആത്മീയ പ്രഭാഷകനുമായ മുതുകുളം സോമനാഥാണ് ഭർത്താവ്. മകൻ സേതു അറിയപെടുന്ന ഗായകനുമാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
