ഇടുക്കി: മരണമടഞ്ഞ സഹപ്രവർത്തകന് ധനസഹായം നൽകി മൂന്നാറിലെ ടാക്സി ഡ്രൈവർമാർ.  വർഷങ്ങളായി മൂന്നാർ ടാക്സി സ്റ്റാന്റ് അസോസിയേഷനിൽ അംഗവും ഡ്രൈവറുമായിരുന്ന  മണിയുടെ കുടുംബത്തിനാണ് ഡ്രൈവർമാരുടെ നേതൃത്വത്തിൽ  പണം നൽകിയത്. ഒരാഴ്ച മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് മണി മരിച്ചത്. പെട്ടെന്നുണ്ടായ മരണം കുടുംബത്തെ തർക്കുകയും ചെയ്തു. ഇവർക്കായി എന്നെങ്കിലും ചെയ്യണമെന്ന ഡ്രൈവര്‍മാരുടെ കൂട്ടായ്മയുടെ തീരുമാനമാണ് ധനസഹായം നല്‍കാന്‍ കാരണം.

മൂന്നാറിലെ കച്ചവടക്കാർ, വിവിധ സംഘടനകൾ, സഹപ്രവർത്തകർ എന്നിവരിൽ നിന്നും പിരിച്ചെടുത്ത 50,000 രൂപ മരണപ്പെട്ട മണിയുടെ ഭാര്യ നിർമ്മലയും രണ്ട് മക്കളുമടങ്ങിയ കുടുംബത്തിന് നല്‍കി. തങ്ങളിൽ ഒരാളായ മണിയുടെ കുടുംബത്തിന്  കഴിയുന്ന സഹായം തുടർന്നും  നൽകുമെന്ന് അസോസിയേഷൻ അംഗം വിനായകം പറഞ്ഞു സ്വന്തമായി വീടില്ലാത്തതിനാൽ കബനിയുടെ ഒറ്റമുറി ലയൺസിൽ വാടകയ്ക്കാണ് മണിയുടെ കുടുംബം ജീവിക്കുന്നത്. മക്കൾ രണ്ടു പേരും വിദ്യാർത്ഥികളാണ്.