ഇടുക്കി: കന്നിമലയാറ്റിന് കുറുകെ തടയണകള്‍ നിര്‍മ്മിച്ച് മൂന്നാറിലും സമീപപ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്ന ജലവിഭവ വകുപ്പിന്റെ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. നമ്പാടിന്റെ സാമ്പത്തിക സഹായത്തോടെ ചെറുകിട ജലവിഭവ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. 

4 കോടിരൂപ മുടക്കി കന്നിമലയാറ്റിന് കുറുകെ രണ്ട് തടയണകളാണ് നിര്‍മ്മിക്കുന്നത്. മൂന്നാര്‍ പെരിയവാര മുസ്‌ലീം പള്ളിക്ക് സമീപമാണ് ആദ്യ തടയണ. രണ്ടാം ഘട്ടമായി ഡിവൈഎസ്പി ഓഫീസിന് സമീപത്ത് രണ്ടാമത്തെ തടയണ നിർമ്മിക്കും. രണ്ട് തടയണയിലുമായി 30,000 മീറ്റര്‍ ക്യുബിക്ക് ജലം സംഭരിക്കാന്‍ കഴിയും. 

ജലം ലഭ്യത കുറയുകയും ഉപയോഗം ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തതോടെ മൂന്നാര്‍ പഞ്ചായത്താണ് പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള പദ്ധതി തയ്യറാക്കി നമ്പാടിന് സമര്‍പ്പിച്ചത്. തടയണയുടെ നിര്‍മ്മാണം ഒരുമാസം മുമ്പ് ആരംഭിച്ചെങ്കിലും കമ്പനി തടസ്സവാദവുമായി എത്തിയതോടെ നിര്‍ത്തിവെച്ചു. എന്നാല്‍ പദ്ധതി യാഥാര്‍ത്യമാക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കുകയായിരുന്നു.