ഹരിപ്പാട് എക്സൈസ് വകുപ്പ് നടത്തിയ പ്രത്യേക ലഹരിവിരുദ്ധ പരിശോധനയിൽ കൊലക്കേസ് പ്രതിയടക്കം അഞ്ചുപേർ അറസ്റ്റിലായി. പ്രതികളിൽ നിന്ന് 3.9 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു.  

ഹരിപ്പാട്: എക്സൈസ് വകുപ്പിന്റെ പ്രത്യേക ലഹരിവിരുദ്ധ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം അഞ്ചുപേർ പിടിയിലായി. കരുവാറ്റ എസ് എൻ കടവ് ഭാഗത്തുനിന്ന് 3.9 ഗ്രാം എംഡിഎംഎയുമായി കരുവാറ്റ വടക്കുമുറി പാലത്തറ വടക്കതിൽ സുധീഷിനെ (35) എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി എസ് ടോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എക്സൈസ് ഇൻസ്പെക്ടർ വി അരുൺകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയാണ് പിടിയിലായ സുധീഷ് എന്ന് എക്സൈസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രിവന്റീവ് ഓഫിസര്‍മാരായ ടോണി, സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫിസര്‍മാരായ ജയകൃഷ്ണൻ, മഹേഷ്, അതുൽ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. മറ്റൊരു റെയ്ഡിൽ, ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കായംകുളം മേഖലയിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി നാല് യുവാക്കളും പിടിയിലായി. ലഹരിവസ്തുക്കളുടെ കടത്തിനും വിതരണത്തിനുമെതിരെ വരുംദിവസങ്ങളിലും ശക്തമായ നടപടികൾ തുടരുമെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയില്പെട്ടാൽ പൊതുജനങ്ങൾ വിവരമറിയിക്കണമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.