ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് സ്ഥലകരാറുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടർന്ന് സ്ഥല ഉടമയെ പാട്ടത്തിനെടുത്തയാള്‍ വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടി കൊലപ്പെടുത്തുവാൻ ശ്രമിച്ചു.  ഗർഭിണിയായ ഭാര്യയെയും അക്രമിയ്ക്കാൻ ശ്രമിച്ചതായി ആരോപണം. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിതാവിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കുറ്റവും ഗർഭിണിയെ ആക്രമിച്ച കേസും ചുമത്തി.

നെടുങ്കണ്ടം അമ്മളിയമ്മാംകാനം കട്ടകയത്തില്‍ എബിന്‍ ജോസഫിനെയാണ് സ്ഥലതര്‍ക്കവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം കല്ലോലിക്കല്‍ പ്രഭാകരന്‍ വാക്കത്തികൊണ്ട് തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ സംഭവം നടത്ത്. ഏലത്തിന് മരുന്ന് തളിക്കുവാന്‍ എത്തിയ എബിനുമായി പ്രതി വാക്കേറ്റം ഉണ്ടായി.  ഇതില്‍ പ്രകോപിതനായ പ്രതി വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു.
തലയ്ക്ക് ആഴത്തില്‍ വെട്ടേറ്റ എബിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കട്ടക്കയം ജോസഫ്, ഭാര്യ ലൈസാമ്മ എന്നിവരുടെ പേരിലുള്ള ഒന്നരയേക്കറോളം വരുന്ന സ്ഥലം കരാര്‍ പ്രകാരം പ്രഭാകരന്‍ വിളവെടുക്കുന്നതിനും തുടര്‍ കൃഷി നടത്തുന്നതിനും നല്‍കുന്നത്. പിന്നീട് സ്ഥലം വിട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട് എബിനും പ്രഭാകരനും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇതിനെ തുടര്‍ന്ന് സ്ഥലം വിട്ട് കിട്ടുന്നതിനായി എബിനും കുടുംബാംഗങ്ങളും കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എബിന് അനുകൂലമായ കോടതി വിധി ലഭിച്ചതായി പറയുന്നു. 

ഇതിനെ തുടര്‍ന്ന് കരാര്‍പ്രകാരം കൊടുത്ത സ്ഥലത്തെ ഏലത്തിന് മരുന്ന് അടിക്കുവാന്‍ എബിനും പൂര്‍ണ്ണഗര്‍ഭിണിയായ ഭാര്യമൊത്ത് സ്ഥലത്ത് എത്തിയപ്പോഴാണ് പ്രഭാകരനുമായി വീണ്ടും വാക്കുതര്‍ക്കം ഉണ്ടാകുന്നത്. തുടര്‍ന്ന് പ്രഭാകരന്‍ വാക്കത്തിയെടുത്ത് എബിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. പ്രതിയുടെ രണ്ട് മക്കള്‍ പൊലീസ് ജീവനക്കാരാണ്. ഇവരുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്.

സംഭവത്തിനിടെ ശബ്ദം കേട്ട് ഓടിയെത്തിയ എബിന്‍റെ ഭാര്യയെയും പ്രതി ആക്രമിക്കുവാൻ ശ്രമിച്ചു. പൂർണ്ണ ഗർഭിണിയായ ഇവരെ പ്രതി തള്ളിനിലത്ത് മറിച്ചിട്ടു. നെടുങ്കണ്ടം എസ്‌ഐ കെ ദിലീപ്കുമാറിന്റെ നേത്യത്വത്തില്‍ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.  പ്രതി ഏലത്തോട്ടത്തില്‍ സൂക്ഷിച്ച് വെച്ച വെട്ടുകത്തി കണ്ടെടുത്ത് നല്‍കി.  കൊലപാതകശ്രമം , പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെ അടക്കം ആക്രമിച്ചു എന്നി വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അധികൃതര്‍ അറിയിച്ചു. പ്രതിയെ മറ്റ് നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.