മലപ്പുറം പരപ്പനങ്ങാടിയില്‍ തീരദേശത്ത് വീണ്ടും മുസ്ലീം ലീഗ് -സി.പി.എം സംഘര്‍ഷം. ആക്രമണത്തില്‍  സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടേയും മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍റേയും വാഹനങ്ങള്‍ കത്തിച്ചു. സി.പി.എം ആദില്‍ ബീച്ച് ബ്രാഞ്ച് സെക്രട്ടറി ജാഫര്‍ കുന്നുമ്മലിന്‍റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. വീട്ടുമുറ്റത്തത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പുലര്‍ച്ചെയാണ് തീവച്ച് നശിപ്പിച്ചത്. ആക്രമണത്തിനു പിന്നില്‍ മുസ്ലീം ലീഗാണെന്ന് സി.പി.എം ആരോപിച്ചു.

ഇതിന് പിന്നാലെതന്നെ ഒട്ടുമ്മല്‍ കടപ്പുറത്തെ പി.കെ.ഹുസൈന്‍റെ ബുള്ളറ്റും കത്തിച്ചു. ബുള്ളറ്റ് കത്തി വീട്ടിലേക്കും തീപടര്‍ന്നു. ഹുസൈന്‍റെ മക്കള്‍ സജീവ മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകരാണ്. സി.പി.എം പ്രവര്‍ത്തകരാണ് ബുള്ളറ്റ് കത്തിച്ചതെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. ഇതിനിടെ മുസ്ലീം ലീഗ് പ്രവര്ത്തകന്‍റെ ബൈക്ക് മോഷണം പോയതായും പരാതിയുണ്ട്. പള്ളിക്കണ്ടി സിദ്ദീഖിന്‍റെ ബൈക്കാണ് കാണാതായത്. മൂന്നു പരാതികളിലും പൊലീസ് കേസെടുത്തു. 

രണ്ടു ദിവസം മുമ്പ് കടപ്പുറത്ത് സി.പിഎം-മുസ്ലംലീഗ് പാര്‍ട്ടികളുടെ കൊടികളും തോരണങ്ങളും വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതിനുപിന്നാലൊണ് വാഹനങ്ങള്‍ കത്തിച്ചത്. തീരദേശ മേഖലയില്‍ മുസ്ലീം ലീഗ്-സി.പി.എം സംഘര്‍ഷം പതിവായതിനെ തുടര്‍ന്ന് ഇരുപാര്‍ട്ടികളുടേയും ജില്ലാ നേതാക്കള്‍ ഇടപെട്ട് സമാധാന യോഗം ചേരുകയും ആക്രമണങ്ങളെ തള്ളിപ്പറയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്.