മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിനായി ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന ഇഎംഎസിന്റെ നയമാണ് പിന്തുടരുന്നതെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. ഭരണനേട്ടങ്ങൾ ഇല്ലാത്തതിനാൽ സർക്കാർ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ഭരണം നഷ്ടപ്പെട്ടാൽ ജയിലിൽ പോകേണ്ടി വരുമെന്ന് പിണറായിക്ക് ഭയമുണ്ടെന്നും പിഎംഎ സലാം പറഞ്ഞു.
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. അധികാരത്തിൽ കയറാൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന ഇഎംഎസിന്റെ പഴയ നയമാണ് പിണറായി വിജയൻ ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണനേട്ടങ്ങൾ പറയാനില്ലാത്തതുകൊണ്ടാണ് വർഗ്ഗീയ ധ്രുവീകരണത്തിന് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിജെപിക്ക് പാർലമെന്റ് അംഗത്തെ നൽകിയത് സിപിഎമ്മും എൽഡിഎഫുമാണ്. ഇക്കാര്യം വിഎസ് സുനിൽകുമാർ തന്നെ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. വേങ്ങര, മഞ്ചേശ്വരം മണ്ഡലങ്ങളിൽ സിപിഎം-എസ്ഡിപിഐ സഹകരണം വ്യക്തമാണ്. കഴിഞ്ഞ തവണ എസ്ഡിപിഐക്ക് വേണ്ടി മത്സരിച്ചയാളെയാണ് ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. കെഎം ഷാജി വർഷങ്ങൾക്ക് മുമ്പ് നടത്തിയ പ്രസംഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നത് സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാനാണ്. ഭരണം നഷ്ടപ്പെട്ടാൽ ജയിലിൽ പോകേണ്ടി വരുമെന്ന് പിണറായി വിജയന് ഭയമുണ്ട്.
വർഗ്ഗീയ ചേരിതിരിവുണ്ടാക്കാൻ 'കാഫിർ' സ്ക്രീൻഷോട്ട് പോലെ പുതിയ തന്ത്രങ്ങളാണ് സിപിഎം പയറ്റുന്നത്. സ്ത്രീവിരുദ്ധതയും സൈബർ ആക്രമണവും: യു. പ്രതിഭയ്ക്കെതിരായ പരാമർശം തെറ്റാണെന്ന് ആദ്യം പറഞ്ഞത് മുസ്‌ലിം ലീഗാണ്. എന്നാൽ ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ സിപിഎം നടപടിയെടുക്കുന്നില്ല.


