Asianet News MalayalamAsianet News Malayalam

മനുഷ്യ മത്സ്യങ്ങളെ പോലെ! ശ്വാസമെടുക്കും, അടിത്തട്ടിലേക്ക് മുങ്ങും; ജീവിതം ഇങ്ങനെ, വഴിമുട്ടിയെന്ന് തൊഴിലാളികൾ

കരയിൽ നിന്ന് നോക്കിയാൽ മനുഷ്യ മത്സ്യങ്ങളെ പോലെ... ആദ്യം ആഞ്ഞൊന്ന് ശ്വാസമെടുക്കും. പിന്നെ കടലിന്‍റെ അടിത്തട്ടിലേക്ക് ഒരൊറ്റ മുങ്ങലാണ്. ഉദ്വേഗത്തിന്‍റെ നിമിഷങ്ങൾക്കൊടുവിൽ കടൽപ്പരപ്പിലേക്ക് പൊങ്ങിയെത്തുമ്പോൾ പാറക്കെട്ടിൽ നിന്ന് വെട്ടിയെടുത്ത ചിപ്പിക്കൂട്ടം കയ്യിലുണ്ടാകും

Mussels collecting workers in vizhinjam facing crisis after port opens btb
Author
First Published Oct 23, 2023, 6:59 PM IST | Last Updated Oct 23, 2023, 6:59 PM IST

തിരുവനന്തപുരം: കടലിന്‍റെ കരയിൽ വികസനത്തിന്‍റെ തിരയടിക്കുമ്പോൾ ജീവിത പ്രാരാബ്ധത്തിന്‍റെ വേലിയേറ്റത്തിൽ കഴിയുന്ന ഒരു കൂട്ടം തൊഴിലാളികളുണ്ട് വിഴിഞ്ഞത്ത്. ആര്‍ത്തലച്ച് വരുന്ന തിരമാലകൾക്കിടയിൽ മുങ്ങി നിവര്‍ന്ന് ചിപ്പി വാരിയെടുക്കുന്ന ഓരോ തൊഴിലാളികള്‍ക്കും പറയാൻ ഓരോ കടൽ കഥകളുണ്ട്. വിഴിഞ്ഞം തുറമുഖം ചിപ്പിവാരൽ തൊഴിലാളികളുടെ ജീവിതത്തിലുണ്ടാക്കിയത് വലിയ പ്രതിസന്ധിയാണ്.

കരയിൽ നിന്ന് നോക്കിയാൽ മനുഷ്യ മത്സ്യങ്ങളെ പോലെ... ആദ്യം ആഞ്ഞൊന്ന് ശ്വാസമെടുക്കും. പിന്നെ കടലിന്‍റെ അടിത്തട്ടിലേക്ക് ഒരൊറ്റ മുങ്ങലാണ്. ഉദ്വേഗത്തിന്‍റെ നിമിഷങ്ങൾക്കൊടുവിൽ കടൽപ്പരപ്പിലേക്ക് പൊങ്ങിയെത്തുമ്പോൾ പാറക്കെട്ടിൽ നിന്ന് വെട്ടിയെടുത്ത ചിപ്പിക്കൂട്ടം കയ്യിലുണ്ടാകും. ഇല്ലെങ്കിലുമുണ്ടാകില്ല ഇവര്‍ക്ക് നിരാശ. അടുത്ത ഊഴം ഊളിയിടാൻ അധിക സമയവും വേണ്ട. നേരം പരപരാ വെളുക്കും മുൻപ് ഇവര്‍ കടൽക്കരയിലെത്തും.

പത്തുമണിയോടെ കടൽ തരുന്നതും കൊണ്ട് മടങ്ങും. ഇങ്ങനെയാണ് വര്‍ഷങ്ങളായിട്ടുള്ള അവരുടെ ജീവിതം. ചിപ്പിക്കൂട്ടം കൊണ്ട് സമ്പന്നമായിരുന്നു കോവളം മുതൽ ആഴിമല വരെയുള്ള തീരം. പാറക്കെട്ടുകളിലെ പ്രത്യേക ആവാസ വ്യവസ്ഥയിൽ വളർന്നിരുന്ന ചിപ്പിക്ക് വൻ ഡിമാന്‍റുമാണ്. തുറമുഖത്തിനായി കടൽ മണ്ണിട്ട് നികത്തിയതോടെ ആവാസ വ്യവസ്ഥയാകെ തകിടം മറഞ്ഞു. തൊഴിലാളികളുടെ ജീവിതാവസ്ഥകള്‍ കൂടുതല്‍ പ്രതിസന്ധിയിലുമായി. കാലാവസ്ഥ പ്രതികൂലമെങ്കിലും ഹാര്‍ബറിന് ഇരുവശവുമായി ചിപ്പി വാരൽ തൊഴിലാളികൾ നിരവധിയുണ്ട്.

കടൽ സാഹചര്യങ്ങൾ മാറുന്നത് പോലെ തന്നെ കടൽക്കരയിലും കാണാം തലമുറമാറ്റം. അതേസമയം, ചൈനീസ് ചരക്ക് കപ്പലായ സെൻഹുവ 15 ൽ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകളിൽ ഒന്ന് കൂടി ഇന്നലെ കരയ്ക്കിറക്കി. റെയിൻ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളിൽ രണ്ടാമത്തെതാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം കരയ്ക്കിറക്കിയത്. ഇന്നലെ പുലർച്ചെ നാല് മണിയോടെ ക്രെയിൻ പുറത്തിറക്കാൻ ആദ്യം ശ്രമം നടത്തിയെങ്കിലും ശക്തമായ  കടൽ ക്ഷോഭം കാരണം  ഇറക്കാനായില്ല. ഇതോടെ ആദ്യ ശ്രമം എട്ട് മണിയോടെ ഉപേക്ഷിക്കുകയായിരുന്നു. 

നഗരത്തിന്‍റെ പല ഭാഗങ്ങളിൽ നടുറോഡിൽ ഇസ്രായേല്‍ പതാകയുടെ സ്റ്റിക്കറുകള്‍; കേസെടുത്ത് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios