തിരുവനന്തപുരം: പറമ്പിന്‍റെ ഓരത്ത് വാഴയ്ക്കു വളം ഇടുന്നതിനിടയിലാണ് ഒരു വശത്തുനിന്നും കൊതിപ്പിക്കുന്ന ഗന്ധം എത്തിയത്. പുരയിടത്തിന്‍റെ ഒരുവശത്തു നിന്ന കൈതയിൽ നിന്നുമാണ് ഗന്ധം എത്തിയതെന്ന് ആദ്യം തന്നെ പവിത്ര അനിൽകുമാറിനു ബോധ്യപ്പെട്ടെങ്കിലും അതിനടുത്തെത്തിയ അനിൽകുമാർ കൈതച്ചെടിയിൽ നിൽക്കുന്ന കായ് കണ്ട് അമ്പരക്കുകയായിരുന്നു.

കൈതച്ചക്ക പ്രതീക്ഷിച്ച് അടുത്തു ചെന്നപ്പോൾ ആമ്പൽ മൊട്ടു പോലെ കൂമ്പി നിൽക്കുന്ന ഫലമാണ് അതിൽ കണ്ടത്. ഒരു മീറ്ററോളം പൊക്കത്തിൽ വിളഞ്ഞു പഴുത്ത് അഗ്രത്തിൽ മുള്ളില്ലാതെ നിൽക്കുന്നത് കൈതച്ചക്ക തന്നെയാണോ എന്നറിയാൻ അതിനെ പൊട്ടിച്ചെടുത്തു. വീട്ടുകാരെ വിളിച്ചു കാണിച്ചപ്പോള്‍ ഏവർക്കും കൗതുകമായി. ഒറ്റ നോട്ടത്തിൽ ഭീമൻ കാരറ്റ് എന്നോ പൊളിച്ചു വച്ച ചോളം എന്നോ ഒക്കെ തോന്നാം.

നീളൻ ചക്ക മുള്ളുകൾ ഇല്ലാത്തതിനാൽ തന്നെ നട്ടു മുളപ്പിച്ച് അടുത്ത വിളവ് എങ്ങനെ ആകും എന്നറിയുകയും പ്രയാസമെന്നാണ് അനിലിന്‍റെ പക്ഷം. എന്തായാലും അപൂർവ്വ ചക്കയെ അറുത്തു മുറിച്ചു ഭക്ഷിക്കാതെ മറ്റുള്ളവർക്ക് കൂടെ കാണാനായി ട്രഷറിക്കു സമീപം കട്ടക്കോട് റോഡിലെ തന്‍റെ പവിത്ര മിഠായികട എന്ന സ്ഥാപനത്തിൽ പ്രദർശിപ്പിച്ചിരിക്കുകയാണ് അനിൽ.

സാധനം വാങ്ങാൻ കടയിലെത്തിയ പലരും അത്ഭുത ചക്കയ്ക്ക് മോഹ വില പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ഇനിയും കാണാത്തവര്‍ക്കായി അത് അവിടെ നില്‍ക്കട്ടെയെന്നാണ് പവിത്ര അനി പറയുന്നത്. നാട്ടിന്‍പുറങ്ങളിൽ പുറുത്തിചക്ക എന്നപേരിൽ അറിയപ്പെടുന്ന അത്ഭുത കൈതച്ചക്ക കാണാൻ നിരവധിപേരാണ് ഇവിടേക്കെത്തുന്നത്.