പുതുക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് ഫിസിയോതെറാപ്പിക്കായി എത്തി പുതുക്കാട് സ്വദേശി വെളിയത്ത് അഗസ്റ്റിനാണ് വാഹനം കിട്ടാതെ ഗതാഗതകുരുക്കിൽ കുടുങ്ങിയത്

തൃശൂര്‍: സാധാരണ ഒരു കിലോമീറ്റര്‍ ദൂരത്തുള്ള വീട്ടിലേക്ക് എത്താന്‍ ഏകദേശം എത്ര സമയം എടുക്കും?. വണ്ടിയിലാണെങ്കില്‍ ഒരു അഞ്ച് മിനിട്ടും നടന്നാണെങ്കില്‍ 15-20 മിനിട്ടും മാത്രമായിരിക്കും സമയമെടുക്കുക. എന്നാൽ, പുതുക്കാട്, ആമ്പല്ലൂര്‍ ഭാഗത്ത് ദേശീയപാതയിലൂടെ സ‍ഞ്ചരിക്കുമ്പോള്‍ ഈ അഞ്ചുമിനുട്ട് മിക്കവാറും മണിക്കൂറുകളായി മാരും. അത്തരത്തിൽ നിരവധി പേരാണ് ദേശീയപാതയിലെ കുരുക്ക് മൂലം ദുരതിതമനുഭവിക്കുന്നത്. രോഗികളടക്കമുള്ളവരാണ് ഈ ദുരിതം പേറുന്നത്. വാഹനയാത്രക്കാര്‍ക്ക് മാത്രമല്ല ദുരിതം.

കുരുക്കിന് സമീപത്തെ സ്ഥാപനങ്ങളിലേക്കും ആശുപത്രിയിലേക്കും മറ്റും നടന്നുപോകുന്നവരും ഓട്ടോറിക്ഷയടക്കം വിളിച്ചുപോകുന്നവരുമടക്കം സ്ഥലത്തെത്താൻ കഴിയാതെ കുടുങ്ങുകയാണ്. കഴിഞ്ഞദിവസം ചികിത്സക്കായി ദേശീയപാതക്ക് സമീപമുള്ള ആശുപത്രിയില്‍ എത്തിയ അഗസ്റ്റിന്‍ നാലുമണിക്കൂറിലധികം സമയം ബ്ലോക്കിൽ കുടുങ്ങിയാണ് വീട്ടില്‍ തിരിച്ചെത്തിയത്. നാല് മണിക്കൂറാണ് അദ്ദേഹത്തിന് ആശുപത്രിക്ക് മുന്‍പില്‍ നില്‍ക്കേണ്ടി ന്നത്.

ദേശീയപാതയിലെ ഗതാഗത കുരുക്കില്‍ പെട്ടാണ് മണിക്കൂറുകളോളം ആശുപത്രിയില്‍ കുടുങ്ങിയത്. അവസാനം രോഗിക്ക് രക്ഷകരായി ചാലക്കുടി സ്റ്റേഷനിലെ എസ്.ഐ. വിശ്വനാഥനും പൊതുപ്രവര്‍ത്തകനായ സിന്‍റോ പയ്യപ്പിള്ളിയും എത്തി. പുതുക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഫിസിയോതെറാപ്പിക്കായി എത്തിയതാണ് പുതുക്കാട് സ്വദേശി വെളിയത്ത് അഗസ്റ്റിന്‍.

രാവിലെ ഒമ്പതിന് ചികിത്സയ്ക്കായി ഭാര്യയാടൊപ്പം എത്തിയ അഗസ്റ്റിന്‍ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് പോകനാകാതെ നാല് മണിക്കൂറുകളോളമാണ് ആശുപത്രിക്ക് മുന്‍പിലെ ഗതാഗത കുരുക്കില്‍ കാത്തുനില്‍ക്കേണ്ടിവന്നത്. 

സര്‍വീസ് റോഡില്‍ മണിക്കൂറുകളോളം കുരുങ്ങി കിടക്കുന്ന വാഹനങ്ങള്‍ മൂലം ഇവര്‍ വിളിച്ച വാഹനങ്ങള്‍ക്ക് അടുത്തേക്ക് എത്താനായില്ല. ഈ സമയം ബാങ്കിലേക്ക് എത്തിയ വിശ്വനാഥനും ബാങ്കിലെ ജീവനക്കാരനായ സിന്റോയും ടാക്‌സികള്‍ വിളിച്ചു നോക്കിയെങ്കിലും തിരക്കിലൂടെ കടന്നുവരാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.തുടര്‍ന്ന് വിശ്വനാഥനും സിന്റോയും ചേര്‍ന്ന് ബാങ്കിലേക്ക് വന്നയാളുടെ ബൈക്കില്‍ കയറ്റി ഇരുത്തി വീട്ടിലേക്ക് എത്തിക്കുകയായിരുന്നു.