ആലപ്പുഴ: ദേവസ്വം ബോര്‍ഡ് പൊതു വഴി നല്‍കാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനൊരുങ്ങി നാട്ടുകാര്‍. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് 17-ാം വാര്‍ഡ് നീര്‍ക്കുന്നം തേവരുനട ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള ഇരുപതിലധികം വീട്ടുകാരാണ് പ്രതിഷേധത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചത്. ദേശീയ പാതയോട് ചേര്‍ന്നുള്ള തേവരുനട ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ കുറ്റിക്കാട്ടിലൂടെയാണ് ഇപ്പോള്‍ പ്രദേശവാസികള്‍ യാത്ര ചെയ്യുന്നത്. 

ഇവിടെ മൂന്നു മീറ്റര്‍ നടവഴി വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ പല തവണ ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും സമീപിച്ചിരുന്നു. എന്നാല്‍ വഴി നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്. ഇതിനെതിരെ നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വഴി നല്‍കാന്‍ കോടതി ഉത്തരവുണ്ടായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ദേവസ്വം ബോര്‍ഡ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാട്ടര്‍ അതോറിറ്റിക്ക് പമ്പ് ഹൗസ് നിര്‍മിക്കുന്നതിനായി മൂന്ന് സെന്റ് സ്ഥലം ദേവസ്വം ബോര്‍ഡ് വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയിരുന്നു. 

പമ്പ് ഹൗസിലേക്കുള്ള റോഡാണ് ഇപ്പോള്‍ നാട്ടുകാരില്‍ പലരും വാഹനയാത്രക്കായി ആശ്രയിക്കുന്നത്. എന്നാലിത് ശാശ്വതമല്ല. ഈ റോഡ് വന്നതോടെ ദേവസ്വം ബോര്‍ഡിന്റെ സ്ഥലം രണ്ടായി കിടക്കുകയാണ്. ഈ റോഡ് അടച്ച ശേഷം പടിഞ്ഞാറ് ഭാഗം മൂന്ന് മീറ്റര്‍ നല്‍കിയാല്‍ ഒറ്റ പ്ലോട്ടായി സ്ഥലം മാറും. വഴിയില്ലാത്തതിനാല്‍ കിടപ്പ് രോഗികള്‍ ഉള്‍പ്പെടെയുളളവരെ ആശുപത്രിയിലെത്തിക്കാന്‍ ബുദ്ധിമുട്ടുകയാണ് ഇവിടുത്തുകാര്‍. 

പരാതി നല്‍കിയതിനെത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഓംബുഡ്‌സ്മാനും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഈ വഴിയടക്കാന്‍ ദേവസ്വം ബോര്‍ഡ് കല്ലിട്ടിരുന്നെങ്കിലും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇത് തടഞ്ഞതോടെ ദേവസ്വം ബോര്‍ഡ് ഇതില്‍ നിന്ന് തല്‍ക്കാലം പിന്‍മാറിയിരുന്നു. 

എന്നാല്‍ ഇപ്പോള്‍ വീണ്ടും വഴി കെട്ടിയടക്കാനുള്ള നീക്കം ദേവസ്വം ബോര്‍ഡ് ആരംഭിച്ചതോടെയാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. 20 ഓളം വീടുകളിലായി 60 ലധികം വോട്ടര്‍മാരാണുള്ളത്. ഓട്ടോറിക്ഷ കയറാനുള്ള വഴിയെങ്കിലും ദേവസ്വം ബോര്‍ഡ് നല്‍കാന്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.