ചാരുംമൂട്: കണ്ണീർപ്പൂക്കൾ അർപ്പിച്ച് നവനീതിന് ജന്മനാട് അന്ത്യാഞ്ജലി നൽകി. പലക കഷണം ബാറ്റായി ഉപയോഗിച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ തലയിൽ കൊണ്ടാണ് ചാരുംമൂട്  പുതുപ്പള്ളിക്കുന്നം വിനോദ് ഭവനത്തിൽ വിനോദിന്റെ മകൻ നവനീത് മരിച്ചത്. ചുനക്കര ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വിലാപയാത്രയോടെ 1.30 നോടെയാണ് വിദ്യാലയ മുറ്റത്തേക്ക് ഭൗതിക ശരീരം കൊണ്ടുവന്നത്. സഹപാഠികളും നാട്ടുകാരും ജനപ്രതിനിധികളടക്കം തങ്ങളുടെ പ്രിയപ്പെട്ട നവനീതിനെ അവസാനമായി ഒരു നോക്ക് കാണാൻ വിദ്യാലയ മുറ്റത്ത് എത്തിയിരുന്നു. 

ഭൗതിക ശരീരം പ്രത്യേകം ഒരുക്കിയ പന്തലിലേക്ക് ആംബുലൻസിൽ നിന്നും ഇറക്കി വെച്ചപ്പോൾ അതുവരെ വിങ്ങിപ്പൊട്ടിനിന്ന അന്തരീക്ഷം കണ്ണീർപ്പുഴയായി. അധ്യാപകരും സഹപാഠികളും പരസ്പരം കെട്ടിപ്പുണർന്ന് നിലവിളിച്ചത് കണ്ടു നിന്നവരിലും വേദനയായി പടർന്നിറങ്ങി. തുടർന്ന് രണ്ട് മണിയോടെയാണ് ഭൗതിക ശരീരം വീട്ടിൽ എത്തിച്ചത്. ഇവിടെ ആയിരങ്ങളാണ് കാത്തുനിന്നത്. നവനീത് പിറന്നുവീണ, കളിച്ചുനടന്ന വീടിന്റെ മുൻ വരാന്തയിൽ ഭൗതിക ശരിരം ഇറക്കി വെച്ചപ്പോൾ തേങ്ങലുകൾ പൊട്ടിക്കരച്ചിലായി മാറി. 

അമ്മ ധന്യയും, പിതാവ് വിനോദും കുഞ്ഞനുജൻ നവീനും അന്ത്യചുംബനം അർപ്പിക്കാനെത്തിയത് വികാരനിർഭരമായ കാഴ്ചയായി. മകനെ കെട്ടിപ്പുണർന്നു കരയുന്ന ഇവരെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ വിങ്ങിപ്പൊട്ടുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും. മൂന്നരയോടെ വീടിന്റെ തെക്കുഭാഗത്ത് ഒരുക്കിയ ചിതയിലേക്ക് ഭൗതികശരീരം അന്ത്യയാത്രക്കായി എടുത്തപ്പോൾ പിടിച്ചുനിന്നവരുടെ കണ്ണുകളും നിറഞ്ഞൊഴുകി. ഒന്നിച്ചുറങ്ങിയ, ഒന്നിച്ചു കളിച്ച പ്രിയപ്പെട്ട ചേട്ടന് അന്ത്യചുംബനം നൽകി സഹോദരൻ നവീൻചിതക്ക് തീ കൊളുത്തി.  സാമൂഹിക രാഷ്ടീയ, വിദ്യാഭ്യാസ രംഗത്തെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.