Asianet News MalayalamAsianet News Malayalam

'പുര കത്തുന്നെന്ന് ഫ്ലാഷ്‌ ന്യൂസ്‌ കാണുമ്പൊള്‍ വാഴ വെട്ടാനിറങ്ങരുത്‌'; കെ സുരേന്ദ്രന് മറുപടിയുമായി ഡോക്ടര്‍

 പുര കത്തുന്നെന്ന് ഫ്ലാഷ്‌ ന്യൂസ്‌ കാണുമ്പൊ ശരിയാണോന്ന് പോലും ഉറപ്പിക്കാതെ വാഴ വെട്ടാനിറങ്ങരുതെന്നാണ് ഡോ നെല്‍സണ്‍ ജോസഫ് എഴുതുന്നത്. 

nelson joshephs facebook post against k surendran on nipa
Author
Thiruvananthapuram, First Published Jun 4, 2019, 8:38 AM IST


തിരുവനന്തപുരം: കൊച്ചിയില്‍ നിപ രോഗബാധയെന്ന് സംശയം ഉയര്‍ന്നപ്പോള്‍ തന്നെ സര്‍ക്കാറിനെതിരെ ഫേസ്ബുക്ക് കുറിപ്പെഴുതിയ ബിജെപി നേതാവ് കെ സുരേന്ദ്രന് സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം. നേരത്തെ കൊച്ചിയില്‍ നിപ രോഗബാധയെന്ന് ആരോഗ്യവകുപ്പ് സംശയം പ്രകടിപ്പിച്ചപ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വൈറോളജി ലാബ് കേരളത്തില്‍ തുടങ്ങാത്തതിനെ കുറിച്ച് കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റുണ്ടായിരുന്നു. ആ പോസ്റ്റിനെതിരെയാണ് സമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. 

നിപയ്ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഭരണകൂടവും ജനങ്ങളും മുഴുകുമ്പോള്‍ അതിനിടെയില്‍ കേറി രാഷ്ട്രീയം പറയരുത്. പുര കത്തുന്നെന്ന് ഫ്ലാഷ്‌ ന്യൂസ്‌ കാണുമ്പൊ ശരിയാണോന്ന് പോലും ഉറപ്പിക്കാതെ വാഴ വെട്ടാനിറങ്ങരുതെന്ന് ഡോ നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കിലൂടെ സുരേന്ദ്രന് മറുപടി നല്‍കി..ഊഹാപോഹങ്ങൾ പരത്താതെ, പകരം  ആരോഗ്യവകുപ്പ്‌ നൽകുന്ന നിർദേശങ്ങൾ ജനങ്ങളെ അറിയിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഡോക്ടര്‍ എഴുതുന്നു.

കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: 

കൊച്ചിയിലെ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒരു രോഗിക്ക് നിപ്പാ വൈറസ് ബാധയാണോ എന്ന് സംശയമുണ്ടെന്ന ആരോഗ്യവകുപ്പിന്റെ വെളിപ്പെടുത്തൽ പൊതുജനങ്ങൾക്കിടയിൽ വലിയ ഭീതി പരത്തിയിരിക്കുകയാണ്. പൂനയിലെ വൈറോളജി ലാബിൽ നിന്നുള്ള സ്ഥിരീകരണം കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ‌നോടൊപ്പം പൊതുജനങ്ങളും. കേരളത്തിൽ സമഗ്രമായ ഒരു വൈറോളജി ലാബ് തുടങ്ങാനുള്ള അനുമതിയും അതിനായുള്ള മൂന്നര കോടി രൂപയും കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് ലഭിച്ചിട്ട് അഞ്ചു വർഷം തികയുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ലാബ് തുടങ്ങാൻ തീരുമാനിച്ചത്. എന്നാൽ അതിനുള്ള ഒരു നടപടിയും കേരളത്തിലെ ആരോഗ്യവകുപ്പിന് ഇതുവരെ പൂർത്തീകരിക്കാനായിട്ടില്ല. യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് നൽകാത്തതിന്റെ പേരിൽ രണ്ടു വർഷം പണം മുടങ്ങുകയും ചെയ്തു. എല്ലാ വർഷവും ഈയാവശ്യത്തിന് പണം അനുവദിക്കുന്നതുമാണ്. നമുക്ക് സ്വന്തമായി ഒരു വൈറോളജി ലാബുണ്ടെങ്കിൽ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും അതെത്രമാത്രം പ്രയോജനപ്പെടുമെന്ന് പറയേണ്ടതില്ലല്ലോ. കേരളം നമ്പർ വൺ എന്ന് വെറുതെ പറഞ്ഞതുകൊണ്ടായില്ല വർത്തമാനകാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ കഠിനാധ്വാനവും വേണം. ഇവിടെയാണ് മോദിയും ടീമും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാവുന്നത്.'

 


നെല്‍സണ്‍ ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: 

ബഹുമാനപ്പെട്ട കെ.സുരേന്ദ്രൻ ജീ,

താങ്കളുടെ പോസ്റ്റ് വായിക്കുവാനിടയായി.
തീർച്ചയായും, കഴിഞ്ഞ വർഷം ജനങ്ങളുടെയിടയിൽ അത്യധികം ഭീതിയും പരിഭ്രാന്തിയും വിതച്ച ഒരു രോഗമാണ് നിപ്പ. ഒരു പരിധി വരെ അതിനു കാരണം അജ്ഞതയും അബദ്ധസന്ദേശങ്ങളുമായിരുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു.
25 പേരിൽ താഴെ മാത്രം മരണമുണ്ടായ നിപ്പയ്ക്ക് വർഷം നാലായിരം പേർ മരിക്കുവാനിടയാവുന്ന, എല്ലാ വർഷവും ആവർത്തിക്കുന്ന വാഹനാപകടങ്ങളെക്കാൾ നൂറിരട്ടി ഭീതി പരത്താൻ കഴിയുന്നുവെന്നതുകൊണ്ടാണ് അത്തരമൊരു നിഗമനത്തിലെത്താൻ എന്നെ പ്രേരിപ്പിച്ചത്.
തികച്ചും അപരിചിതമായ ഒരു രോഗമായിരുന്നു അന്ന് അത് എന്ന വാസ്തവം കണ്ണടച്ചാൽ മാറുന്നതല്ല. അപരിചിതത്വം ഉണ്ടായിരുന്നിട്ടുതന്നെ ഫലപ്രദമായി അതിനെ പ്രതിരോധിക്കാനും തടയാനും കഴിഞ്ഞത് ആരോഗ്യവകുപ്പിൻ്റെയും വിവിധ തലത്തിലെ ആരോഗ്യപ്രവർത്തകരുടെയും രാഷ്ട്രീയക്കാരുടെയും കൂട്ടായ ശ്രമഫലമായാണ്.
കേരളം നമ്പർ വൺ ആയതും ആവുന്നതും അങ്ങനെ തുടരുന്നതും ആ കൂട്ടായ ശ്രമത്തിലൂടെയാണ്
പകർച്ചവ്യാധികൾ പോലെയുള്ള സാഹചര്യമുണ്ടാവുമ്പോൾ ശരിയായ വിവരങ്ങൾ മാത്രം നൽകുവാനും ഊഹാപോഹങ്ങൾ ഒഴിവാക്കുവാനും ശ്രദ്ധിക്കേണ്ടതിൻ്റെ പ്രാധാന്യം വിളിച്ചോതുന്നത് അവിടെയാണ്.
സ്വഭാവികമായും ഒരു തവണ ഒരു രോഗത്തിൻ്റെ സാന്നിദ്ധ്യമുണ്ടായാൽ സമാന ലക്ഷണങ്ങൾ കാണുമ്പോൾ ആരോഗ്യപ്രവർത്തകർ ആ രോഗത്തിൻ്റെ സാന്നിദ്ധ്യം സംശയിക്കും. അതിനർഥം രോഗം വീണ്ടും പൊട്ടിപ്പുറപ്പെട്ടുവെന്നോ എല്ലാം ഇന്ന് അവസാനിക്കുമെന്നോ അല്ല.
ഇനിയും നിപ്പ വന്നാൽ തന്നെ എന്തെല്ലാമാണ് ചെയ്യേണ്ടതെന്നും എന്തെല്ലാം സജ്ജീകരണങ്ങളാണ് കരുതേണ്ടതെന്നതിൻ്റെയും വ്യക്തമായ രൂപരേഖ നമ്മുടെ മുന്നിലുണ്ട്. ലക്ഷണങ്ങളും പ്രതിരോധമാർഗങ്ങളുമുണ്ട്. സ്വീകരിക്കേണ്ട മുൻ കരുതലുകളുണ്ട്.
ആരോഗ്യവകുപ്പ് അവർ സ്വീകരിച്ച മുൻ കരുതലുകൾ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. നിപ്പ കഴിഞ്ഞ തവണ ചികിൽസിച്ച് പരിചയമുള്ള ഡോക്ടർമാർ എറണാകുളത്തേക്ക് യാത്ര തുടങ്ങിക്കഴിഞ്ഞു.
ദയവ് ചെയ്ത് അനാവശ്യ പരിഭ്രാന്തിയുണ്ടെന്ന് വരുത്തിത്തീർക്കരുത്.
ഇത് രാഷ്ട്രീയം പറയേണ്ട അവസരമല്ലെന്ന് മനസിലാക്കുമല്ലോ..
പുര കത്തുന്നെന്ന് ഫ്ലാഷ്‌ ന്യൂസ്‌ കാണുമ്പൊ ശരിയാണോന്ന് പോലും ഉറപ്പിക്കാതെ വാഴ വെട്ടാനിറങ്ങരുത്‌
ഊഹാപോഹങ്ങൾ കാട്ടുതീ പോലെയാണ്. പെട്ടെന്ന് പടരും, നാശനഷ്ടങ്ങളുണ്ടാക്കും. ദയവു ചെയ്ത് മനസിലാക്കുക..
താങ്കൾക്ക്‌ ജനങ്ങളെക്കുറിച്ച്‌ ആത്മാർത്ഥമായ ആശങ്കയുണ്ടെങ്കിൽ ആരോഗ്യവകുപ്പ്‌ നൽകുന്ന നിർദേശങ്ങൾ അവരെ അറിയിക്കുക

നന്ദി
 

Follow Us:
Download App:
  • android
  • ios