തൃശൂർ: വ്യാജ ഇ മെയിൽ ഉപയോഗിച്ച് ബാങ്കുകളിൽ നിന്നും പണം തട്ടിയെടുക്കുന്ന അന്താരാഷ്ട്ര സംഘം അറസ്റ്റിൽ. നൈജീരിയൻ
സ്വദേശികളായ അകേലാ ഫിബിലി, ക്രിസ്റ്റ്യന്‍ ഒബീജി, പാസ്‌കല്‍ അഹിയാദ്, സാംസണ്‍ എന്നിവരാണ് തൃശൂരിൽ പൊലീസിന്‍റെ
പിടിയിലായത്. ഗുരുവായൂരിലെ ബാങ്ക് ഓഫ് ബറോഡ ബാങ്ക് ശാഖയില്‍ നിന്നും പണം തട്ടിയ പരാതിയിലുള്ള അന്വേഷണത്തിലാണ് നാലംഗ
സംഘം അറസ്റ്റിലായത്.

കഴിഞ്ഞ ഡിസംബര്‍ 17നായിരുന്നു തട്ടിപ്പ്. ഓണ്‍ലൈന്‍ വഴി 21.8  ലക്ഷം രൂപയാണ് തട്ടിയത്. ഗുരുവായൂരില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് കമ്മീഷണര്‍കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തട്ടിപ്പിലൂടെ പണം മാറ്റിയ അക്കൗണ്ടുകള്‍ പൊലീസ് കണ്ടെത്തി. ബാങ്ക് ഓഫ് ബറോഡയിലെ അക്കൗണ്ടിൽ നിന്നാണ് പ്രവാസി വ്യവസായിയുടെ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കി പണം തട്ടിയത്. ബാംഗ്ലൂരില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് ഒന്നര ലക്ഷം രൂപയും ഒന്പത് എ ടി എം കാര്‍ഡുകള്‍, 22 ഫോണുകള്‍, മൂന്നു ലാപ് ടോപ്പുകള്‍ എന്നിവ പിടികൂടി. കൂടുതല്‍ അന്വേഷണം തുടരുന്നതായി കമ്മീഷണര്‍ ജി.എച്ച് യതീഷ് ചന്ദ്ര  പറഞ്ഞു.

അക്കൗണ്ട് ഉടമകൾ വർഷങ്ങൾക്ക് മുന്പ് ഇടപാടുകൾക്കായി ബാങ്കിലേക്ക് അയച്ച ഇ മെയിൽ ഐഡിയോട് സമാനമായവ ഉപയോഗിച്ചാണ് തട്ടിപ്പ്
നടത്തിയത്. പണം തട്ടിപ്പുകാർ ആവശ്യപ്പെട്ട പ്രകാരം ബംഗളൂരുവിലെ രണ്ട് അക്കൗണ്ടുകളിലേക്ക് കഴിഞ്ഞ ഡിസംബർ രണ്ട്, മൂന്ന്
തീയ്യതികളിലായാണ് ട്രാൻസ്ഫർ ചെയ്തു കൊടുത്തത്. ദിവസങ്ങൾക്കു ശേഷം അക്കൗണ്ട് ഉടമ ബാലൻസ് പരിശോധിച്ചപ്പോഴാണ്
അക്കൗണ്ടുകളിൽ നിന്നും പണം പോയത് അറിയുന്നത്. തട്ടിയെടുത്ത തുക അന്നു തന്നെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ചിലരുടെ പേരിലുള്ള 16 ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി അറിഞ്ഞു. ഇത്തരത്തിൽ തട്ടിപ്പിനായി പല അക്കൗണ്ടുകളുള്ള ആസാം സ്വദേശി ദേവൻ സസോണി എന്ന പ്രതിയെ അന്വേഷണ സംഘം ദിവസങ്ങൾക്ക് മുന്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാളുടെ തന്നെ മറ്റു ബാങ്കുകളിലെ അക്കൗണ്ടുകളും മൊബൈൽ കണക്ഷനുകളും ചില നൈജീരിയൻ സ്വദേശികൾക്ക് പ്രതിഫലം കൈപ്പറ്റി കൈമാറിയിരുന്നു.

ഈ കേസിലെ പ്രതികൾ പഠാനാവശ്യത്തിനും ചികിത്സയ്ക്കുമായാണ് ഇന്ത്യയിലേക്ക് വിസ സംഘടിപ്പിച്ചത്. വിസ കാലാവധി കഴിഞ്ഞത്തിനെ
തുടർന്ന് ബംഗളൂരിന് പുറമെ ഡൽഹി, മുബൈ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. സൈബർ ടീം നടത്തിയ അന്വേഷണത്തിൽ നിന്ന് ലഭിച്ച സൂചനകളെ തുടർന്ന് ബംഗളുരുവിലെ വിവിധ സ്ഥലങ്ങളിലുള്ള ബാങ്കുകളിൽ എത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങളും, CCTV ദൃശ്യങ്ങളും പരിശോധിച്ചാണ്  പ്രതികളെ തിരിച്ചറിഞ്ഞത്. കമ്മനഹള്ളി, ബട്ടർഹള്ളി, ഗാർഡന്ഴസിറ്റി കോളജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജിരിയൻ പൗരത്വമുള്ളവരും വടക്ക് കിഴക്കൻ സംസ്ഥാനകാരും അടങ്ങുന്ന വലിയൊരു സംഘമാണ് ഈ വിധത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നതെന്ന് അന്വേഷണ സംഘാംഗങ്ങൾ വെളിപ്പെടുത്തി.

ബംഗളുരു നഗരത്തിൽ പണിയെടുക്കുന്ന വടക്ക് കിഴക്കൻ സംസ്ഥാന നിവാസികളുടെ പേരിലുള്ള അക്കൗണ്ടുകളിൽ വരുന്ന പണം വിദേശികളായ ചിലരാണ് എ ടി എം കാർഡുകൾ വഴി  ണം പിൻവലിച്ചത്. ഇത്തരത്തിൽ തട്ടിപ്പിനായി പല അക്കൗണ്ടുകൾ ഉള്ള ആസാം സ്വദേശിയായ ദേവൻസ സോണി എന്ന പ്രതിയെ ഈ അന്വേഷണ സംഘം കുറച്ച് ദിവസങ്ങൾക്ക് മുന്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാളുടെ തന്നെ മറ്റു ബാങ്കുകളിലെ അക്കൗണ്ടുകളും മൊബൈൽ കണക്ഷനുകളും ചില നൈജീരിയൻ സ്വദേശികൾക്ക് പ്രതിഫലം കൈപ്പറ്റി കൈമാറിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. ടെമ്പിൾ പൊലീസ് ഇൻസ്പെക്ടർ സി. പ്രേമാനന്ദകൃഷ്ണൻ, സബ്ബ് ഇൻസ്പെക്ടർ പി എം വിമോദ്, എ എസ് ഐ അനിൽ, എസ് സി പി ഒമാരായ സൂരജ്, ഫീസ്റ്റോ, ലിന്‍റെ ദേവസ്സി, സൂബീർകുമാർ, സി പി ഒമാരായ മിഥുൻ, ധനിൽ എന്നിവരും ഉണ്ടായിരുന്നു. 

തട്ടിപ്പു പണം കൊണ്ട് രാജാക്കന്മാരായി

അറസ്റ്റിലായ ഒന്നാം പ്രതി അകേലാ എന്നയാൾ 2011 മുതൽ ഇന്ത്യയിലുണ്ട്. ഇത്തരം നിരവധി തട്ടിപ്പുകൾ നടത്തുകയും അതിലുടെ ലഭിക്കുന്ന പണം നൈജീരിയിലേക്ക് ഓൺലൈൻ മുഖേന അയക്കുകയും ചെയ്യുന്നുമുണ്ടായിരുന്നു. ഇങ്ങനെ ലഭിക്കുന്ന പണം കൊണ്ട് ഇയാൾ നൈജീരിയിലെ സ്വന്തം ഗ്രാമത്തിൽ ബഹുനില ഷോപ്പിംഗ് സെന്‍ററും ഒരു വലിയ വീടും നിർമ്മാണം നടത്തി വരികയാണ്. ഇവയുടെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചു.

രണ്ടാം പ്രതിയായ ക്രിസ്ത്യൻ ഒബിജി നേത്ര സംബന്ധമായ ചികിത്സയ്ക്കെന്ന വ്യാജേനയാണ് ഇന്ത്യയിലെത്തിയത്. വിസാ കാലാവധി
കഴിഞ്ഞതിനുശേഷം ഇന്ത്യയിലെ പല ഭാഗങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾ ആഫ്രിക്കകാരുടെ തനത് ഭക്ഷണശാലയായ
ആഫ്രിക്കൻ കിച്ചണിൽ വെച്ചാണ് ഒന്നാം പ്രതിയായ അകേലായെ പരിചയപ്പെട്ടത്. ഇരുവരും ചേർന്നാണ് തട്ടിപ്പുകൾ ആസൂത്രണം ചെയ്തത്.
എ ടി എം കാർഡുകളുപയോഗിച്ച് പണം പിൻവലിക്കുന്ന ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. 

കേസിലെ പ്രതിയായ പാസ്കൽ എന്നയാൾ ടൂറിസ്റ്റ് വിസ ഉപയോഗിച്ച് നൈജീരിയയിൽ നിന്നും ആദ്യം നേപ്പാളിലേയ്ക്കെത്തി. അവിടെ നിന്നും
റോഡ് മാർഗ്ഗം റെയിൽ മാർഗ്ഗവും ബാംഗ്ലൂരിലെത്തിയാണ് തട്ടിപ്പ് സംഘത്തിനോടൊപ്പം ചേർന്നത്. ഇത്തരത്തിൽ ലഭിക്കുന്ന പണം ആർഭാട ജീവിതം നയിക്കുന്നതിനായാണ് ഇയാൾ ഉപയോഗിക്കുന്നത്. അറസ്റ്റിലായ സാംസൺ ടൂറിസ്റ്റ്  വിസയിലാണ് ഇന്ത്യയിലെത്തിയത്. ലോക്കൽ ടൂർണമെന്‍റുകളിൽ ഫുടബോൾ കളിച്ചുവരുന്നതിനിടയിലാണ് അകേലായുടെ സംഘത്തിൽ ചേർന്നത്. ഇത്തരം ഓൺലൈൻ തട്ടിപ്പിനാവശ്യമായ ബാങ്ക് അക്കൗണ്ടുകളും എ ടി എം കാർഡുകളും പാസ്ബുക്കും മറ്റും സംഘടിപ്പിച്ച് നൽകുന്നത് ഇയാളായിരുന്നു.

തട്ടിപ്പിന്‍റെ നൈജീരിയൻ രീതി

ദില്ലി, ബാംഗ്ലൂർ, മുംബൈ മുതലായ മഹാനഗരങ്ങിലുള്ള നൈജീരിയൻ സ്വദേശികളാണ് ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നതെന്നാണ് സൂചന.
പിടിയിലായവരുടെ സംഘത്തിൽ ഇനിയും കണ്ണികളുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. വലിയൊരു ശൃംഖല പോലെ പ്രവർത്തിക്കുന്ന ഇവരിലെ ഒരു വിഭാഗമാണ് പാവപ്പെട്ട പണിക്കാരായ ഇന്ത്യൻ പൗരന്മാരെ കൊണ്ട് പ്രമുഖ ബാങ്കുകളിൽ തട്ടിപ്പിനായി അക്കൗണ്ട് തുറപ്പിക്കുന്നത്. ഇങ്ങിനെ ആരംഭിക്കുന്ന അക്കൗണ്ടുകളുടെ എ ടി എം കാർഡും പിൻ നന്പറും, പാസ് ബുക്കും, മറ്റും അക്കൗണ്ട് ഉടമകളിൽ നിന്നും പണം നൽകിയാണ് കൈക്കലാക്കുക. അതിന് ശേഷം ടീമിലെ കംപ്യൂട്ടർ വിദഗ്ധൻ മുഖ്യ മുഖ്യധാരാ ബാങ്കുകളിലെ അക്കൗണ്ട് ഉടമകളുടെ ഓൺലൈൻ ട്രാൻസാക്ഷൻ വിശദാംശങ്ങൾ ഹാക്ക് ചെയ്യും. പിന്നീട് അക്കൗണ്ട് ഉടമകൾ അയച്ചതെന്ന വ്യാജേന ബാങ്കുകളിലേയ്ക്ക് ഇ മെയിൽ അയച്ച് ഇവർ നൽകുന്ന അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുവാൻ നിർദ്ദേശിക്കും. ഇതിനായി അക്കൗണ്ട് ഹേൾഡർ മുന്പ്
ഉപയോഗിച്ചിരുന്ന മെയിൽ ഐഡിയോ അല്ലെങ്കിൽ സമാനത തോന്നിക്കുമാറ് ചെറിയ മാറ്റം വരുത്തി ഒറ്റ നോട്ടത്തിൽ തിരിച്ചറിയുവാന്‍
സാധിക്കാത്ത വിധത്തിലോ മെയിൽ അയക്കകയാണ് ചെയ്യുന്നത്. ഇങ്ങനെ ട്രാൻസ്ഫർ ചെയ്ത് കിട്ടുന്ന പണം ഉടൻ തന്നെ ചെറിയ തുകകളായി
വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിലേയ്ക് നെറ്റ് വഴി ട്രാൻസ്ഫർ ചെയ്ത് നിമിഷങ്ങൾക്കം എ ടി എം കാർഡ് വഴി പിൻവിലിക്കും.

എ ടി എം  വഴി പണം പിൻവലിക്കുന്നതിന് പല ആളുകളെയും ഇവർ ഇതിനായി ഉപയോഗിക്കാറുണ്ട്. എ ടി എം വഴി പണം പിൻവലിക്കന്നവർക്കും ഒരു വിഹിതം നൽകും. ഇത്തരം തട്ടിപ്പ് നടത്തുന്നവർ ഒരിക്കലും അവരുടെ പേരോ ഫോൺ നമ്പറോ വിലാസമോ എവിടെയും വെളിപ്പടുത്താറില്ല. അത് കൊണ്ട് തന്നെ പലപ്പോഴും പൊലീസിന് ഇവരിലേയ്ക്ക് എത്തിപ്പെടുവാൻ സാധിക്കാറുമില്ല. പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ഓൺലൈൻ വഴി ജോലി നൽകാമെന്ന് പറഞ്ഞും വില കൂടിയ സെക്കൻ ഹാൻഡ് കാറുകൾ നൽകാമെന്നും പറഞ്ഞും നിരവധി ആളുകളെ പറ്റിച്ചതായി അറിവായിട്ടുണ്ട്. എ ടി എം കൗണ്ടറുകളിൽ നിന്നും പണം  എടുക്കുന്ന സമയത്ത് ഇവർ തൊപ്പി ധരിക്കും. തിരിച്ചറിയാതിരിക്കാൻ പിന്നീട് ഊരിമാറ്റുകയും ചെയ്യും. തട്ടിപ്പു സമയത്ത് താമസസ്ഥലത്ത് നിന്നും കുറേ അകലെയുള്ള മറ്റൊരു വീട് വാടകയ്ക് എടുക്കുകയാണ് ഇവരുടെ പതിവ്. ഇങ്ങനെ എടുത്തിട്ടുള്ള രഹസ്യവീടുകളിലാണ് ഇവർ കംപ്യൂട്ടറും ഇന്‍റര്‍നെറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും.