ആലപ്പുഴ: മുട്ടിലിഴഞ്ഞ് റോഡിലിറങ്ങിയ ഒമ്പത് മാസം പ്രായമായ കുഞ്ഞ് കാർ ഇടിച്ച് മരിച്ചു. ആലപ്പുഴ കരളകം വാര്‍ഡ് കൊച്ചുതയ്യില്‍ വെളിയില്‍ രാഹുൽ ജി കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകൾ ശിവാംഗിയാണ് മരിച്ചത്.

ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം. സനാതനം വാർഡിൽ സായികൃപ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു രാഹുലും കുടുംബവും. സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുന്ന സമയത്ത് കുട്ടി പുറത്തേക്ക് മുട്ടിലിഴഞ്ഞ് ഇറങ്ങുകയായിരുന്നു. ​ഇരുട്ടായതിനാൽ കുട്ടി പുറത്തിറങ്ങിയത് ആരും കണ്ടിരുന്നില്ല.

അപകടം നടന്ന ഉടൻ തന്നെ കുഞ്ഞിനെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ഓടിച്ചിരുന്ന മുഹമ്മ സ്വദേശി ഷിജുവിനെ അറസ്റ്റ് ചെയ്തതായി നോർത്ത് പൊലീസ് അറിയിച്ചു. കാർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.