പറവൂരിൽ തകരാറിലായ കെഎസ്ആർടിസി ബസ്, ഡിപ്പോയിൽ നിന്ന് മെക്കാനിക്ക് എത്താൻ വൈകിയതിനെ തുടർന്ന് വഴിയാത്രക്കാർ താൽക്കാലികമായി നന്നാക്കി. എറണാകുളത്ത് നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസ് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടാക്കി.
പറവൂർ: തകരാറിലായി വഴിയിൽ കുടുങ്ങിയ കെഎസ്ആർടിസി ബസ് നാട്ടുകാരുടെയും വഴിയാത്രക്കാരുടെയും ഇടപെടലിനെ തുടർന്ന് താൽക്കാലികമായി നന്നാക്കി. ബസ് തകരാറിലായ വിവരം അഞ്ച് കിലോമീറ്റർ മാത്രം അകലെയുള്ള പറവൂർ ഡിപ്പോയിൽ അറിയിച്ചിട്ടും മെക്കാനിക് കൃത്യസമയത്ത് എത്തിയില്ലെന്നാണ് ആക്ഷേപം. എറണാകുളത്ത് നിന്ന് ഗുരുവായൂരിലേക്ക് പോയ കെഎസ്ആർടിസി ബസ് ദേശീയപാത 66ൽ പറവൂർ –മൂത്തകുന്നം റൂട്ടിലെ തുരുത്തിപ്പുറത്ത് ഇന്നലെ രാവിലെ ഒൻപതര മണിയോടെയാണ് തകരാറിലായത്. ബസിന്റെ എയർ പൈപ്പ് പൊട്ടുകയായിരുന്നു. വിവരം ഉടൻ ഡിപ്പോയിൽ അറിയിച്ചെങ്കിലും മെക്കാനിക് എത്തിയില്ല. ഏകദേശം ഒരു മണിക്കൂറോളം ബസ് റോഡിൽ കിടന്നതോടെ ഗതാഗത തടസ്സമുണ്ടായി. യാത്രക്കാരിൽ ചിലരെ മറ്റൊരു കെഎസ്ആർടിസി ബസിൽ കയറ്റി വിട്ടു.
ഇതിനിടെ ഇതുവഴി എത്തിയ കർണാടക രജിസ്ട്രേഷനുള്ള വാഹനത്തിന്റെ ഡ്രൈവറും മറ്റൊരു വഴിയാത്രികനും ബസ് നന്നാക്കാൻ മുന്നോട്ടെത്തി. ഇവർ അറ്റകുറ്റപ്പണികൾ നടത്തിയതോടെ താൽക്കാലികമായി തകരാർ പരിഹരിക്കാനായി. തുടർന്ന് ബസ് തുരുത്തിപ്പുറം സെന്റ് ലൂയിസ് പള്ളിയങ്കണത്തിലേക്ക് മാറ്റി. എന്നാൽ, പൊട്ടിയ എയർ പൈപ്പ് പുറത്ത് നിന്ന് വാങ്ങി എത്തിക്കാനുള്ള താമസമാണ് മെക്കാനിക് എത്താൻ വൈകിയതിന് കാരണമെന്നാണ് കെഎസ്ആർടിസി അധികൃതരുടെ വിശദീകരണം. ഇത്തരം വസ്തുക്കൾ പുറത്തെ ഏതൊരു കടയിൽ നിന്നും കെഎസ്ആർടിസിക്ക് വാങ്ങാൻ കഴിയില്ലെന്നും ചെറായിയിലെ ഒരു കടയിൽ നിന്നാണ് വാങ്ങുന്നതെന്നും അധികൃതർ പറഞ്ഞു. എയർ പൈപ്പ് എത്തിക്കാൻ വൈകിയതാണ് മെക്കാനിക് എത്തുന്നതിലും കാലതാമസമുണ്ടാക്കിയത്. ബസിന്റെ തകരാർ പൂർണമായി പരിഹരിച്ച് ഡിപ്പോയിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു.


