ഇടുക്കി: കൊട്ടാക്കബൂരില്‍ ജലസംഭരണിയില്‍ വിഷം കലര്‍ത്തിയെന്ന വാര്‍ത്ത അടിസ്ഥാന വിരുദ്ധമെന്ന് ആരോഗ്യവുപ്പിന്റെ റിപ്പോട്ട്. വട്ടവട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കിയ കത്തിലാണ് ആരോഗ്യ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക് ഡൗണിനോട് അനുബന്ധിച്ച് കൊട്ടാക്കമ്പൂരില്‍ ഡ്യൂട്ടിക്കെത്തിയ പൊാലീസ് സംഘത്തിനായി സ്ഥാപിച്ച പൊതു ജലസംഭരണിയില്‍ വിഷം കലര്‍ത്തിയെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പരന്നിരുന്നു. 

ഇതുസംബന്ധിച്ച് ദേവികുളം പൊലീസ് അന്വേഷണം ആരംഭിക്കുകയും ആരോഗ്യവകുപ്പ് വെള്ളം പരിശോധനക്കായി അയക്കുകയും ചെയ്തു. എന്നാല്‍ പൊതുജലസംഭരിയില്‍ വിഷം കലര്‍ത്തിയിട്ടില്ലെന്നും സ്വകാര്യ വ്യക്തി കച്ചവട സ്ഥാപനത്തിനു സമീപത്ത് സ്ഥാപിച്ച  വിപ്പക്കുറ്റിയിലെ വെള്ളം കറുപ്പ് നിറത്തില്‍ കാണപ്പെടുകയുമാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഏപ്രില്‍ 10 നായിരുന്നു ആരോഗ്യവകുപ്പിന് പരാതി ലഭിച്ചത്. സ്വകാര്യ വ്യക്തി സ്ഥാപിച്ച വീപ്പയിലെ വെള്ളത്തിന് നിറംമാറ്റം സംഭവിച്ചതോടെ പൊതുജലസംഭരിണിയില്‍ വിഷം കലര്‍ത്തിയെന്ന് ചിലര്‍ പറഞ്ഞുപരത്തുകയാണ് ചെയ്തതെന്ന് ആരോഗ്യവകപ്പിന്റെ കത്തില്‍ പറയുന്നു.  വിവരങ്ങള്‍ പൊലീസിന് കൈമാറാതെ മാധ്യമങ്ങള്‍ വഴി വ്യാജപ്രചരണം നടത്തിയത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വെള്ളത്തിന്റെ സാമ്പിള്‍ പരിശോധന ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.

മൂന്നാറിലെ കൊട്ടാക്കമ്പൂരില്‍ പൊലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി സ്ഥാപിച്ച ജലസംഭരണിയില്‍ സാമൂഹ്യവിരുദ്ധര്‍ വിഷം കലര്‍ത്തിയ നടപടി അതീവ ഗൗരവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില് പ്രതികരിച്ചിരുന്നു. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായ, ശക്തമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും  അദ്ദേഹം വ്യക്തമാക്കിയിരുന്നു.