Asianet News MalayalamAsianet News Malayalam

പ്രളയ ദുരിതാശ്വാസം ലഭിച്ചില്ലെന്ന് പരാതി; ഫണ്ട് തീർന്നെന്ന് മറുപടി

എറണാകുളം ജില്ലയിൽ അനുവദിച്ച ദുരിതാശ്വാസ ഫണ്ട് തീർന്നതിനാലാണ് ധനസഹായം വൈകുന്നത് എന്ന് കളക്ടർ മുഹമ്മദ് വൈ സഫീറുള്ള പ്രതികരിച്ചു

no relief for flood affected people in eranakulam
Author
Kochi, First Published May 1, 2019, 6:30 PM IST

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി സർക്കാർ ശതകോടികൾ പിരിച്ചിട്ടും എറണാകുളം ജില്ലയിൽ മാത്രം ഇനി സഹായം ലഭിക്കാനുള്ളത് 27,000 പേർക്ക്. ദുരിതാശ്വാസ ഫണ്ട് തീർന്നെന്നാണ് പരാതിയുമായി എത്തിയ പ്രളയ ബാധിതർക്ക് കളക്ടർ നൽകുന്ന മറുപടി. ഒരാഴ്ചക്കകം പണം അക്കൌണ്ടുകളിലേക്ക് എത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

എറണാകുളം ജില്ലയിൽ വീടുകൾക്ക് നഷ്ടം സംഭവിച്ച 27000 പ്രളയബാധിതർക്കാണ് ഇനി ധനസഹായം ലഭിക്കാനുള്ളത്. കളക്ട്രേറ്റിലെ പ്രശ്ന പരിഹാര സെല്ലിന് മുന്നിൽ ദിവസങ്ങളായി ഇത്തരത്തിൽ പരാതിക്കാരുടെ നീണ്ട നിരയാണ്.

ഭാഗീകമായി വീട് നഷ്ടപ്പെട്ടവരാണ് തുക ലഭിക്കാനുള്ളവരിൽ അധികവും. എന്നാൽ പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് പോലും പണം ലഭിച്ചിട്ടില്ലെന്ന് ചിലർ പറയുന്നു. കാലവർഷം എത്തും മുൻപ് അറ്റകുറ്റ പണിക്കുള്ള സഹായം നൽകണമെന്നാണ് ഇവരുടെ ആവശ്യം.

അതേ സമയം ജില്ലയിൽ അനുവദിച്ച ദുരിതാശ്വാസ ഫണ്ട് തീർന്നതിനാലാണ് ധനസഹായം വൈകുന്നത് എന്ന് കളക്ടർ പ്രതികരിച്ചു. 163 കോടി രൂപ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ലഭിച്ചാലുടൻ അക്കൌണ്ടിലേക്ക് പണം എത്തുമെന്നും പരാതിക്കാരെ നേരിൽ കണ്ട് കളക്ടർ അറിയിച്ചു. എന്നാൽ, പുതിയ പരാതികളൊന്നും ഇനി സ്വീകരിക്കില്ലെന്നും കളക്ടർ വ്യക്തമാക്കി. ഒരാഴ്ചക്കകം ഈ തുക ലഭിക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ. ഇതിനോടകം 70000 കുടുംബങ്ങൾക്ക് ജില്ലയിൽ സഹായധനം ലഭ്യമായിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios