തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നും നാളെയും ശുദ്ധജലവിതരണം മുടങ്ങും. അരുവിക്കര ജല ശുദ്ധീകരണശാലയിലെ അറ്റകുറ്റപണികൾ മൂലമാണ് വിതരണം നിർത്തിവെക്കുന്നത്. നഗരസഭയിലെ 57 വാർഡുകളിൽ കുടിവെള്ള വിതരണത്തിനായി കൂടുതൽ ടാങ്കർ ലോറികൾ ഏർപ്പെടുത്തി.

രണ്ട് ദിവസം നഗരത്തിൽ കുടിവെള്ള വിതരണം ഉണ്ടാകില്ല. എല്ലാവരും വെള്ളം കരുതണമെന്നും കരുതലോടെ ഉപയോഗിക്കണം. അതേ സമയം ആശങ്കപ്പെടേണ്ടതില്ലെന്നും സ‍ർക്കാറും നഗരസഭയും വാട്ടർ അതോറിറ്റിയും വ്യക്തമാക്കി. അരുവിക്കര ജല ശുദ്ധീകരണശാലയിലെ ആദ്യഘട്ട നവീകരണമാണ് നടക്കുന്നത്. 20 വർഷത്തിലേറെ പഴക്കമുള്ള പമ്പ് സെറ്റുകളും വൈദ്യുതോപകരണങ്ങളും മാറ്റുകയാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാളെ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ജലവിതരണം നിർത്തിവയ്ക്കുന്നത്.

മന്ത്രി അരുവിക്കരയിലെത്തി പരിശോധന നടത്തി. ഓരോ വാർഡിലും മൂന്ന് വീതം ടാങ്കറുകൾ വഴി കുടിവെള്ളമെത്തിക്കും. വെള്ളം ആവശ്യമുള്ളവർ കൺട്രോൾ റൂമിൽ വിളിക്കണം. മെഡിക്കൽ കോളേജ് ആശുപത്രി. ശ്രീചിത്ര, ആർസിസി എന്നിവിടങ്ങളിലേക്ക് ടാങ്കർ ലോറികളുളടെ പ്രത്യേക സർവ്വീസ് ഉണ്ടാകും. നവീകരണം പൂർത്തിയായൽ 10 ദശലക്ഷം ലിറ്റർ അധികം ജലം നഗരത്തിലേക്ക് വിതരണം ചെയ്യാനാകും. പണി തീരുന്ന മുറക്ക് പമ്പിംഗ് തുടങ്ങും. 15 ന് രാത്രിയോടെ ജലവിതരണം പൂർവ്വസ്ഥിതിയിലാകും.