കല്‍പ്പറ്റ: കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലെ പഞ്ചായത്താണ് നൂല്‍പ്പുഴ. ഇവിടെ കൊവിഡ് ഒന്നാം ഘട്ടത്തേക്കാളും മാരകമായി സമ്പര്‍ക്കവ്യാപനം തുടരുമ്പോഴും തൊഴിലുറപ്പ് പ്രവൃത്തികള്‍ നിര്‍ത്തുന്നില്ലെന്ന് ആക്ഷേപം. 

രണ്ടാംഘട്ടം തുടങ്ങി ഏറ്റവും കൂടുതല്‍ കേസുകള്‍ ഉണ്ടായ വെള്ളിയാഴ്ച വരെ തൊഴിലുറപ്പ് പ്രവൃത്തികള്‍ പഞ്ചായത്ത് നടപ്പാക്കി. മെയ് ദിനമായതിനാല്‍ ശനിയാഴ്ച അവധിയായിരുന്നു. കൊവിഡിനൊപ്പം തന്നെ ഷിഗല്ല വൈറസ് സാന്നിധ്യവും കണ്ടെത്തിയ പഞ്ചായത്താണ് നൂല്‍പ്പുഴ. 

മാത്രമല്ല മൂന്നുവാര്‍ഡുകള്‍ ഇതിനോടകം തന്നെ അടച്ചിടുകയും ചെയ്തിട്ടുണ്ട്. പ്രതിസന്ധികള്‍ ഏറിവരുമ്പോഴും സാധാരണ തൊഴിലാളികളെ രോഗ ഭീതിയിലേക്ക് തള്ളിവിടുകയാണ് പഞ്ചായത്ത് എന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. വയനാട്ടില്‍ തന്നെ ഏറ്റവും കൂടുതല്‍ ആദിവാസി കോളനികള്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് കൂടിയാണ് നൂല്‍പ്പുഴ. 

നൂറുകണക്കിന് പേരാണ് നുല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവും കൊവിഡ് പരിശോധനക്കായി എത്തുന്നത്. ഏറെ പേര്‍ പോസിറ്റീവ് ആകുകയും ചെയ്യുന്നു. ശനിയാഴ്ച മാത്രമാണ് രോഗികളുടെ എണ്ണം കുറവുണ്ടായിട്ടുള്ളത്. ഏഴ് പേര്‍ക്ക് മാത്രമാണ് ശനിയാഴ്ച പോസിറ്റീവായിട്ടുള്ളത്. അതേസമയം വെള്ളിയാഴ്ച 37 പേര്‍ക്കാണ് രോഗം പിടിപ്പെട്ടത്. 

വ്യാഴാഴ്ച 20 പേരാണ് പോസിറ്റീവായത്. ജില്ലയില്‍ കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളിക്ക് രോഗം പിടിപെട്ടിരുന്നു. നിരവധി പേരാണ് ഇവരുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടായിട്ടുള്ളത്. സാഹചര്യം ഇതായിരിക്കെ ഇതൊന്നും പ്രശ്‌നമല്ലെന്ന മട്ടിലാണ് പഞ്ചായത്ത് അധികൃതരുടെ നടപടി. മാത്രമല്ല ആദിവാസി കോളനികളിലെ വൈറസ് വ്യാപനം തടയാന്‍ ഊരുരക്ഷ പദ്ധതി പോലെയുള്ളവ നടപ്പാക്കുകയാണ് ആരോഗ്യവകുപ്പ്. 

പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ ഷിഗല്ല വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ട് അധിക നാളായില്ല. നിതാന്ത ജാഗ്രത ആരോഗ്യവകുപ്പ് പുലര്‍ത്തുമ്പോഴും തൊഴിലുറപ്പ് പ്രവൃത്തികള്‍ നിര്‍ത്താതെ നിസംഗതയാണ് പഞ്ചായത്ത് അധികൃതര്‍ കാണിക്കുന്നതെന്നാണ് പരാതി.