കോഴിക്കോട്: കഴിഞ്ഞ കുറേ ദിവസങ്ങളിലായി കോഴിക്കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം കോതമംഗലം സ്വദേശി ആസിഡ് ബിജു എന്നറിയപ്പെടുന്ന മൺകുഴികുന്നേൽ ബിജു(44) പോലീസ് പിടിയിലായി. കോഴിക്കോട് റൂറൽ എസ് പി ജി ജയദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ഡിവൈഎസ്പി പി. ബിജുരാജിന്റെ നിർദേശപ്രകാരം  കൊടുവള്ളി സിഐ പി.ചന്ദ്രമോഹനും എസ്‌ഐ പ്രജീഷും വാഹന പരിശോധന നടത്തുന്നതിനിടെ പുലർച്ചെ അഞ്ചുമണിയോടെ ഓമശ്ശേരി ടൗണിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. 

തുടർന്ന് കൊടുവള്ളി സിഐ പി.ചന്ദ്രമോഹനും താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഏറെനാളായി വിവിധ സ്ഥലങ്ങളിൽ നടന്നു വന്ന മോഷണ പരമ്പരയുടെ ചുരുളഴിയുന്നത്. ഡിസംബർമാസം-8ന് രാത്രി 11 മണിയോടെ ഓമശ്ശേരി അമ്പലക്കണ്ടിയിലുള്ള വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ കിടന്ന ആറു പവനോളം തൂക്കം വരുന്ന രണ്ട് മാല മോഷ്ടിച്ചതോടുകൂടിയാണ് സംഭവങ്ങളുടെ തുടക്കം. 

അന്നേ ദിവസം തന്നെ സമീപത്തുള്ള നിരവധി വീടുകളിലും കവർച്ചാശ്രമം നടന്നിരുന്നു. പിന്നീട് ഡിസംബർ മാസം 19 തീയതി പിലാശ്ശേരിയിലുള്ള വീട്ടിൽ ഉറങ്ങിക്കിടക്കുകയായിയിരുന്ന സ്ത്രീയുടെ മൂന്നു പവനോളം തൂക്കം വരുന്ന മാലയും ബ്രേയ്സ് ലെറ്റും മോഷ്ടിച്ചിരുന്നു. തുടർന്ന് ബാലുശ്ശേരി പറമ്പിന്റെ മുകളിലുള്ള വീട്ടിൽ നിന്നും ഒന്‍പത് പവനും, കൊടുവള്ളി നരിക്കുനി റോഡിലുള്ള വീട്ടിൽ നിന്നും ഉറങ്ങിക്കിടന്ന യുവതിയുടെ കൈയ്യിലുള്ള ബ്രേയ്സ് ലെറ്റ്, കൊടുവള്ളി കിഴക്കോത്ത് തുടങ്ങി വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയത് താനാണെന്ന് പ്രതി ചോദ്യം ചെയ്യലിൽ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. ഒറ്റ രാത്രിയിൽ തന്നെ നാലും അഞ്ചും വീടുകളിൽ മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി. ഒറ്റനില വീടുകളിൽ കോണിക്കൂടിന്റ ഡോർ തകർത്താണ് പ്രതി വീടിനുള്ളിൽ കയറിയിരുന്നത്. 

പ്രതിയെ പിടിക്കുമ്പോൾ പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും വാതിൽ പൊളിക്കാൻ ഉപയോഗിക്കുന്ന കമ്പിപ്പാര, ഉളി, വയർ കട്ടർ എന്നിവയും പോലീസ് കണ്ടെടുത്തിരുന്നു. മോഷണം നടത്തുമ്പോൾ അടിവസ്ത്രം മാത്രം ധരിച്ച് വീടുകളിൽ സ്വൈര്യ വിഹാരം നടത്തിയിരുന്ന പ്രതിയെ കണ്ട് സ്ത്രീകളും കുട്ടികളും അടക്കം പലരും പരിഭ്രാന്തിയിലാകുകയും ദിവസങ്ങളോളം ഭീതിയിൽ കഴിയുകയും ചെയ്തിട്ടുണ്ട്. പ്രതി താമസിച്ചിരുന്ന ചാത്തമംഗലം വേങ്ങേരിമഠത്തുള്ള വാടകമുറിയിൽ നിന്നും പത്തര പവനോളം കളവ് ചെയ്ത സ്വർണ്ണം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാൾ ഇരുപത് വർഷമായി ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലായി നൂറിലേറെ മോഷണ കേസുകളിൽ പിടിയിലായിട്ടുണ്ട്. 

പല തവണകളിലായി എട്ടുവർഷത്തിലധികം ബിജു ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണ നടത്തിയ സ്വർണ്ണം വിറ്റ് ആർഭാടപൂർവ്വമായ ജീവിതമാണ് അവിവാഹിതനായ ഇയാൾ നയിച്ചിരുന്നത്. പാലക്കാട് ജില്ലയിൽ വിവിധ കേസുകളിൽ പിടിയിലായതിനു ശേഷം നവംമ്പർ മാസം അവസാനത്തോടെയാണ് പ്രതി ജയിലിൽ നിന്നും പുറത്തിറങ്ങുന്നത്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മോഷണം നടത്തിയ സ്വർണ്ണം എറണാകുളം കോഴിക്കോട് ജില്ലകളിലുള്ള ജ്വല്ലറികളിലാണ് വിൽപ്പന നടത്തിയത്. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  കൊടുവള്ളി സിഐ പി.ചന്ദ്രമോഹൻ, എസ്.ഐ പ്രജീഷ്.കെ, താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ എ എസ് ഐ രാജീവ്ബാബു, എസ്‍സിപിഒ ഷിബിൽ ജോസഫ്, സി പി ഒ ഷെഫീഖ് നീലിയാനിക്കൽ, കൊടുവള്ളി പോലീസ് സ്റ്റേഷനിലെ എ.എസ് തെ വിനോദ്.കെ.പി, റഹിം. ഇ.പി. എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.