നിര്‍ധനയായ സഹപഠിക്ക് വീടൊരുക്കി തണ്ണീര്‍മുക്കം ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ്. മുഹമ്മ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ വിദ്യാര്‍ത്ഥിക്കാണ്‌ സഹപാഠികള്‍ സുരക്ഷിതമായ വീടൊരുക്കിയത്.

ആലപ്പുഴ: നിര്‍ധനയായ സഹപഠിക്ക് വീടൊരുക്കി തണ്ണീര്‍മുക്കം ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ്. മുഹമ്മ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ വിദ്യാര്‍ത്ഥിക്കാണ്‌ സഹപാഠികള്‍ സുരക്ഷിതമായ വീടൊരുക്കിയത്. എന്‍എസ്എസ് വാളണ്ടിയര്‍മാര്‍ സമാഹരിച്ച 9.5 ലക്ഷം രൂപ വിനിയോഗിച്ചാണ് വീട് നിര്‍മ്മിച്ചത് സ്‌കൂളില്‍ പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥിനിയുടെ പഠനകാലത്ത് അച്ഛന്‍ മരിച്ചു. അമ്മയും രണ്ട് സഹോദരിമാരുമാണ് ഉണ്ടായിരുന്നത്. ഏത് നിമിഷവും നിലം പതിക്കാമെന്ന നിലയിലുളള വീടായിരുന്നു.

എന്‍ എസ് എസ് വാളണ്ടിയറായ വിദ്യാര്‍ത്ഥിയാണ് സഹപാഠിയുടെ സുരക്ഷിതമല്ലാത്ത വീടിനെ കുറിച്ച് സ്‌കൂളിന്റെ വാട്‌സ് അപ് ഗ്രൂപ്പില്‍ വോയിസ് സന്ദേശമായി ഇട്ടത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ എന്‍ എസ് എസ് യൂണിറ്റ് ഭവന നിര്‍മ്മാണം ഏറ്റെടുത്തത്. മന്ത്രി പി പ്രസാദ് വീടിന്റെ താക്കോല്‍ കൈമാറി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു.

എന്‍ എസ് എസ് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍ എന്‍ എസ് എസ് വോളണ്ടിയര്‍മാരെ ആദരിച്ചു. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന സാബു,ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസ്ഥിരം സമതി അദ്ധ്യക്ഷ പ്രിയ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി എസ് ഷാജി, വി ഉത്തമന്‍, പ്രിന്‍സിപ്പാള്‍ പി ജയലാല്‍, പ്രധാന അധ്യാപിക എസ് സുമാദേവി, പി ടി.എ പ്രസിഡന്റ് സി വി വിനു,വൈസ് പ്രസിഡന്റ് കെ.ഉല്ലാസന്‍, അശോക് കുമാര്‍,രാമകൃഷ്ണന്‍, പി സുദര്‍ശനന്‍,എന്‍.സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സുരേഷിന്‍റെ കസ്റ്റഡി മരണം: പരാതി ലഭിച്ചിട്ടില്ല, പരിശോധന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍: ജ. വി കെ മോഹനന്‍

തിരുവനന്തപുരം: തിരുവല്ലം പൊലീസ് കസ്റ്റഡിയിൽ തിരുവല്ലം നെല്ലിയോട് ചരുവിള പുത്തൻവീട്ടിൽ സുരേഷ് (40) മരിച്ച സംഭവത്തിൽ സംസ്ഥാന പൊലീസ് കംപ്ലൈന്‍റ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി. കെ മോഹനൻ, തിരുവല്ലം പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. സുരേഷ് മരിച്ചു എന്നത് യാഥാർത്ഥ്യമാണെന്നും എന്നാല്‍ അത് എങ്ങനെയാണെന്നത് കണ്ട് പിടികേണ്ടത്തുണ്ടെന്നും അദേഹം പറഞ്ഞു. സ്റ്റേഷനിലെ രേഖകൾ പരിശോധിച്ച അദേഹം പ്രാഥമിക പരിശോധനയിൽ, തിരുവല്ലം പൊലീസ് പിടികൂടിയ കൊല്ലപ്പെട്ട സുരേഷിന്‍റെയും സുഹൃത്തുക്കളുടെയും അറസ്റ്റ് ജി.ഡി എൻട്രിയിൽ ഉൾപ്പടെ കൃത്യമായി രേഖപ്പെടുത്തിയിരുന്നെന്നാണ് മനസ്സിലാക്കുന്നതും അദേഹം അറിയിച്ചു. 

സംഭവത്തിൽ ഇതുവരെ പൊലീസ് കംപ്ലൈന്‍റ് അതോറിറ്റിക്ക് മുന്നിൽ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് സ്റ്റേഷൻ സന്ദർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷനിലെ സി.സി. ടി.വികൾ എല്ലാം പ്രവർത്തനക്ഷമമാണെന്ന് പൊലീസ്, ജസ്റ്റിസ് വി. കെ മോഹനനെ അറിയിച്ചു. നിലവിൽ ഇത് സംബന്ധിച്ച പരിശോധന നടത്താൻ സാങ്കേതിക വിദഗ്ദര്‍ ഇല്ലാത്തതിനാൽ വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച പരിശോധനകൾ ഉണ്ടാകുമെന്നും അദേഹം പറഞ്ഞു. 

അതിനിടെ തിരുവല്ലം പൊലിസിന്‍റെ കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്‍റെ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും ഇന്ന് നടക്കും. ഇന്നലെ സബ് കളക്ടറുടെ മധ്യസ്ഥതയിൽ ചർച്ച നടന്നുവെങ്കിലും ഇൻക്വസ്റ്റ് നടന്നില്ല. ജനപ്രതിനിധികളും സുരേഷിന്‍റെ ബന്ധുക്കളും പങ്കെടുക്കാത്തതിനാലാണ് ഇൻക്വസ്റ്റ് നടത്താൻ കഴിയാത്തതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ജഡ്ജി കുന്നിലെത്തിയ ദമ്പതികളെ ആക്രമിച്ചതിനാണ് അഞ്ചുപേരെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തത്. 

ഇതിലെ ഒരു പ്രതിയായ സുരേഷ് പൊലീസ് കസ്റ്റഡിയിലിരിക്കെ ഇന്നലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ, പൊലീസ് മർദ്ദനത്തിലാണ് സുരേഷിന്‍റെ മരണം എന്നാരോപിച്ച് നാട്ടുകാർ രാത്രി വൈകിയും സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. സുരേഷിനൊപ്പം അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന ആവശ്യവും പൊലീസ് അംഗീകരിച്ചില്ല. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കസ്റ്റഡിയിലിരിക്കെ സുരേഷിന് പൊലീസിന്‍റെ മര്‍ദ്ദമേറ്റിട്ടുണ്ടോയെന്ന് അറിയണമെങ്കില്‍ പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാണ്.