തോന്നയ്ക്കലിലെ സ്വകാര്യ കോളജിലെ വിദ്യാർഥിയായ ആറ്റിങ്ങൽ കരിച്ചിയിൽ സ്വദേശി ലഹരി ഉപയോഗിക്കുന്നതായി വീട്ടുകാർ പരാതി നൽകിയിരുന്നു.

തിരുവനന്തപുരം: തലസ്ഥാനത്തെ കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽക്കുന്ന സംഘത്തിലെ രണ്ടുപേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം തോന്നയ്ക്കൽ ഫൈസൽ മൻസിലിൽ നൗഫൽ (25), തിരുവനന്തപുരം അണ്ടൂർകോണം കീഴാവൂർ എം ആർ മൻസിലിൽ മുഹമ്മദ് മുഹ്‌സിൻ (23) എന്നിവരാണ് പിടിയിലായത്. 

മംഗലപുരത്തെ സ്വകാര്യ കോളജ്, ടെക്‌നോസിറ്റി, ആറ്റിങ്ങൽ, നഗരൂർ ഭാഗങ്ങളിലെ കോളജുകൾ എന്നിവിടങ്ങളിൽ രണ്ടുവർഷത്തിലേറെയായി ഇവർ ലഹരി വിൽപ്പന നടത്തിവന്നതായി പൊലീസ് പറയുന്നു. തോന്നയ്ക്കലിലെ സ്വകാര്യ കോളജിലെ വിദ്യാർഥിയായ ആറ്റിങ്ങൽ കരിച്ചിയിൽ സ്വദേശി ലഹരി ഉപയോഗിക്കുന്നതായി വീട്ടുകാർ പരാതി നൽകിയിരുന്നു. 

ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതികളെ നിരീക്ഷിച്ച് നടത്തിയ അന്വേഷത്തിലാണ് അറസ്റ്റ്. ഇവരിൽ നിന്ന് രണ്ടു ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. നൗഫലിന് ബംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ചിരുന്നത് മുഹ്‌സിനായിരുന്നു. പ്രതികൾ രഹസ്യമായി ടെലിഗ്രാമിലും ഇൻസ്റ്റഗ്രാമിലും ഗ്രൂപ്പുകളുണ്ടാക്കി ആവശ്യപ്രകാരം യുവാക്കൾക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 

ഇരുവരെയും കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യും. നൗഫലിനെതിരേ പേട്ട സ്റ്റേഷനിൽ കൊലപാതകശ്രമക്കേസും മംഗലപുരം സ്റ്റേഷനിൽ ആയുധം കൈവശംവെച്ച കേസും നിലവിലുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.ചൊവ്വാഴ്ച കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു.

ഒരു കോട്ടപ്പുറം ടിക്കറ്റ്! കണ്ടക്ടർ അനന്തലക്ഷ്മി ലൈഫിൽ മറക്കില്ല; 'രാമപ്രിയ'യിലെ യാത്രക്കാരനായത് സുരേഷ് ഗോപി

പടം കണ്ട് ത്രില്ലായി 'ഭാസ്കറെ' പോലെ തന്ത്രങ്ങൾ മെനഞ്ഞു, സിനിമയെ വെല്ലും പ്ലാനിംഗ്; എടിഎം തട്ടിപ്പ് പൊളിഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം